എറണാകുളം: കൊച്ചി കോർപ്പറേഷനിലെ പതിനേഴാം ഡിവിഷനായ കലൂർ നോർത്തിൽ രാഷ്ട്രീയ പോരാട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. മുസ്ലീം ലീഗിന്റെ നേതൃനിരയിലും, പാർലമെന്ററി പാർട്ടിയിൽ ഒന്നിച്ചു കഴിഞ്ഞിരുന്ന മുതിർന്ന നേതാക്കൾ തമ്മിലുള്ള പോരാട്ടത്തിനാണ് പതിനേഴാം ഡിവിഷൻ സാക്ഷ്യം വഹിക്കുന്നത്. ഒരേ കളരിയിൽ തന്ത്രങ്ങൾ മെനഞ്ഞവർ നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഇവിടെ മത്സരം തീപാറും.
കലൂർ നോർത്തിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥി ടി.കെ. അഷ്റഫ് നഗരത്തിലെ ലീഗിന്റെ പ്രധാനപ്പെട്ട മുഖങ്ങളിൽ ഒരാളാണ്. എന്നാൽ എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നതോ, പി.എം. ഹാരിസും. ലീഗിന്റെ സംസ്ഥാന വർക്കിംഗ് സമിതിയിലും ദേശീയ സമിതിയിലും അംഗമായിരുന്നു പി.എം. ഹാരിസ്. അതായത് കലൂർ നോർത്തിൽ മത്സരം തീപാറും എന്നുറപ്പ്.
കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ ടി.കെ. അഷ്റഫ് ലീഗ് നേതൃത്വവുമായി തെറ്റി. ജയിക്കുമെന്ന് ഉറപ്പുള്ളതിനാൽ ടി.കെ. അഷ്റഫ് കൽവത്തിയിൽ സ്വതന്ത്രനായി നിന്ന് മത്സരിച്ചു ജയിച്ചു. സ്വതന്ത്രൻ എന്ന നിലയിൽ ഇടതുമുന്നണിയെ പിന്തുണച്ച് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി. ഉടൻ തന്നെ അഷ്റഫിനെ ലീഗിൽ നിന്നും പുറത്താക്കി. പാർട്ടിക്ക് പുറത്തായിരുന്നെങ്കിലും നേതൃത്വവുമായി അടുത്ത ബന്ധം അഷ്റഫ് നിലനിർത്തി. അത് ഉപകാരപ്പെടുകയും ചെയ്തു.
എന്നാൽ പി.എം. ഹാരിസ് ലീഗിൽ എത്തുന്നതിനു മുൻപ് എൻസിപിയിൽ ആയിരുന്നു. എൻസിപിയിൽ നിന്ന് ലീഗിലേക്ക് എത്തിയ ഹാരിസ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. എൻസിപിയിൽ പ്രവർത്തിച്ച സമയത്തുണ്ടായിരുന്ന ബന്ധമാണ് പി.എം. ഹാരിസിനെ ഇടതുപക്ഷത്തോട അടുപ്പിച്ചത്. ടി.കെ. അഷ്റഫിനെ നേരിടാൻ പി.എം. ഹാരിസിനെ ഇറക്കാൻ സിപിഐഎമ്മിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നിലവിൽ സിപിഐഎമ്മിന്റെ കലൂർ ലോക്കൽ കമ്മിറ്റി അംഗമാണ് പി.എം. ഹാരിസ്. വിജയം ഉറപ്പാക്കാൻ ഇരു സ്ഥാനാർഥികളും പ്രചാരണം കൊഴുപ്പിക്കുകയാണ്.