യൂട്യൂബിൽ 33 മില്യൺ ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?

രണ്ട് ദിവസത്തിനകം 19 വീഡിയോകളാണ് റൊണാൾഡോ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്
യൂട്യൂബിൽ 33 മില്യൺ ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?
Published on


കഴിഞ്ഞ ദിവസമാണ് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 'യു.ആർ. ക്രിസ്റ്റ്യാനോ' എന്ന പേരിൽ ഒരു യൂട്യൂബ് പേജ് ആരംഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടടുത്തായി പോർച്ചുഗീസ് ഫോർവേഡിന് നിലവിൽ യൂട്യൂബിൽ 33 ദശലക്ഷത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുണ്ട്. 19 വീഡിയോകളാണ് അദ്ദേഹം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇതുവരെ 12.13 കോടി വ്യൂവ്സാണ് ഈ വീഡിയോകൾക്ക് ആകെ ലഭിച്ചിരിക്കുന്നത്.

22 മിനിറ്റിൽ സിൽവർ ബട്ടണും, 90 മിനിറ്റിൽ ഗോൾഡൻ ബട്ടണും, 12 മണിക്കൂറിൽ ഡയമണ്ട് ബട്ടണും ഉൾപ്പെടെ നേടിയാണ് യൂട്യൂബിന് 'തീയിട്ട്' പറങ്കിക്കൂറ്റൻ്റെ പ്രയാണം. പ്ലാറ്റ്‌ഫോമിൻ്റെ ഇന്നേ വരെയുള്ള സർവകാല റെക്കോർഡുകളെല്ലാം 24 മണിക്കൂറിനകം തിരുത്തിക്കുറിക്കാൻ റോണോയ്ക്ക് സാധിച്ചു.

രണ്ട് ദിവസത്തിനകം 19 വീഡിയോകളാണ് റൊണാൾഡോ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. എന്നിരുന്നാലും, മിനിമം വീഡിയോ ദൈർഘ്യം ഏകദേശം 10 മിനിറ്റാണെങ്കിലും, റൊണാൾഡോയുടെ അമ്പരപ്പിക്കുന്ന ജനപ്രീതി ചെറിയ വീഡിയോകൾക്ക് പോലും ദശലക്ഷക്കണക്കിന് കാഴ്ചകൾ ഉറപ്പാക്കുന്നുണ്ട്.

തിങ്കിഫിക്കിൻ്റെ (Thinkific) ഒരു ഗവേഷണ പ്രകാരം യൂട്യൂബ് ചാനലുകൾക്ക് 1000 കാഴ്ചകൾക്ക് ആറ് ഡോളർ വരെ നേടാനാകും. എന്നാൽ, ക്രിസ്റ്റ്യാനോയുടെ പേജിലേക്ക് വരുമ്പോൾ ഒരു ദശലക്ഷം കാഴ്ചയ്‌ക്ക് 1,200 മുതൽ 6,000 യുഎസ് ഡോളർ വരെയുള്ള നിരക്കിലേക്ക് വരുമാനമെത്തും.

അൽ നസറിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പുറമെ പരസ്യ വരുമാനം, കരാറിലുള്ള സ്‌പോൺസർഷിപ്പുകൾ എന്നിവയിലൂടെ റൊണാൾഡോയ്ക്ക് ഇതിനോടകം തന്നെ നൂറുകണക്കിന് ദശലക്ഷം യുഎസ് ഡോളർ വരുമാനമായി ലഭിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ യൂറോ ഗോളുകൾ, ഫ്രീകിക്ക് വെല്ലുവിളികൾ, ഇഷ്ടപ്പെട്ട ഗെയിമുകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള പല വീഡിയോകളിലായി മകൻ ക്രിസ്റ്റ്യാനോ ജൂനിയറും, പങ്കാളി ജോർജിന റോഡ്രിഗസും കൂടെ പ്രത്യക്ഷപ്പെടാറുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com