പ്രശ്നങ്ങളുടെ ഗൗരവം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്; സര്‍ക്കാരിന് കാര്യമായ ഇടപെടലിന് സാധ്യതയുണ്ട്: അഡ്വ. മായാ കൃഷ്ണന്‍

സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വിശദമായ ഒരു സിനിമാനയം ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
പ്രശ്നങ്ങളുടെ ഗൗരവം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്; സര്‍ക്കാരിന് കാര്യമായ ഇടപെടലിന് സാധ്യതയുണ്ട്: അഡ്വ. മായാ കൃഷ്ണന്‍
Published on

മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ലൈംഗിക ചൂഷണം, ലിംഗവിവേചനം, സൈബര്‍ ആക്രമണം എന്നിങ്ങനെ പോകുന്നു വെളിപ്പെടുത്തലുകള്‍. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെ വെളിച്ചം കണ്ട റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനും നിയമസംവിധാനങ്ങള്‍ക്കും ഇനി എന്തെല്ലാം ചെയ്യാന്‍ സാധിക്കും. പീഡനാരോപണങ്ങള്‍ അടക്കം പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്ക് എന്ത് നിയമപരിരക്ഷയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക? അഡ്വ. മായാ കൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ബലാത്സംഗ കേസുകളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരുന്നു ക്വട്ടേഷന്‍ നല്‍കി ഇരയെ ബലാത്സംഗത്തിന് വിധേയമാക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം. മുന്‍പ് പലപ്പോഴായി പറഞ്ഞുകേട്ട കാര്യങ്ങളാണെങ്കിലും അതിനൊരു ഔദ്യോഗിക സ്വഭാവം ഇപ്പോള്‍ വന്നിരിക്കുന്നു. സര്‍ക്കാരിന് ഇനി ഈ വിഷയത്തില്‍ കാര്യമായ ഇടപെടലിന് സാധ്യതയുണ്ട്. തൊഴിലിടത്തില്‍ ഞങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇതൊക്കെയാണെന്ന് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ഒരു സമിതിക്ക് മുമ്പാകെയാണ് സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുള്ളത്. ലൈംഗിക ചൂഷണം മാത്രമല്ല, സ്ത്രീകളെ എങ്ങനെ സിനിമ സെറ്റുകളില്‍ തുല്യരായി കാണാതെ ട്രീറ്റ് ചെയ്യുന്നു, വേതനത്തിലുള്ള വിവേചനം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ നിഷേധിക്കുന്നു തുടങ്ങിയ മനുഷ്യാവകാശ സംബന്ധമായ കാര്യങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നു.

കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ അനുകൂലമായ സാഹചര്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇത്രത്തോളം ഗുരുതരമാണെന്ന് ബോധ്യമായി കഴിഞ്ഞു. ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ള പ്രായപൂര്‍ത്തിയായ ഒരാള്‍ പരാതിയുമായി മുന്നോട്ട് വന്നാല്‍ അതില്‍ നടപടി എടുക്കാനുള്ള സംവിധാനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം എല്ലായിടത്തുമുണ്ട്. സിനിമയിലും അതുണ്ട് എന്ന് തെളിഞ്ഞുകഴിഞ്ഞ സാഹചര്യത്തില്‍ , ഇവിടെ ഈ പറഞ്ഞതൊന്നും നടക്കുന്നില്ലെന്ന തരത്തില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നവരോട് മറുപടി പറയേണ്ടത് പോലുമില്ല.

ഡബ്ല്യൂസിസിയുടെ സ്ഥാപകാംഗമായിരുന്ന വ്യക്തി സംഘടനയുടെ നിലപാടിന് വിരുദ്ധമായി മൊഴി കൊടുത്തത് പോലും അവരുടെ നിസഹായത ആയിരിക്കാം. പ്രശ്നങ്ങള്‍ ഉണ്ടെന്ന് ബോധ്യമായിട്ടും അതിന് നേരെ കണ്ണടക്കേണ്ടി വരുന്ന സാഹചര്യവും ഒട്ടും ആരോഗ്യകരമല്ല. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കണോ വേണ്ടയോ എന്ന് ആളുകള്‍ക്ക് സംശയമുണ്ടാക്കുന്ന സാമൂഹിക സാഹചര്യമാണ് ഇവിടെ ഉള്ളത്. അതിജീവിതരായ സ്ത്രീകളോട് സമൂഹം എങ്ങനെയാണ് പെരുമാറിയതെന്ന് നേരില്‍ കണ്ടവരാണ് ഉള്ളുതുറന്ന് പ്രതികരിക്കാന്‍ മടിക്കുന്നത്. വമ്പന്‍ മാഫിയകള്‍ നിയന്ത്രിക്കുന്നു എന്ന് ഹേമ കമ്മിറ്റി കണ്ടെത്തിയ മലയാള സിനിമയില്‍ ഈ പ്രതിസന്ധി രൂക്ഷമാണ്.

റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പോക്സോ ആക്ടുമായി ബന്ധപ്പെട്ട പരാതി ആര്‍ക്ക് വേണമെങ്കിലും ഉന്നയിക്കാം. പക്ഷെ മുതിര്‍ന്നവര്‍ നിയമസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പരാതി നല്‍കിയാലേ തുടര്‍നടപടികള്‍ ഉണ്ടാകൂ. ഭയമില്ലാതെ തങ്ങള്‍ക്ക് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതി പറയാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന സാഹചര്യമൊരുക്കാന്‍ സര്‍ക്കാരിന് കഴിയും. അത്തരത്തില്‍ ഒരു ആരോഗ്യകരമായ അന്തരീക്ഷം തൊഴിലിടത്തില്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ കൊണ്ട് കഴിയും. കാരണം ഇത് പഴയകാലമല്ല, ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മറച്ചുവേക്കണ്ട സ്ഥിതി ഇന്നില്ല, ഏതെങ്കിലുമൊക്കെ സാഹചര്യത്തില്‍ അത് പുറത്തുവരും എന്നൊരു സാഹചര്യം ഇപ്പോള്‍ ഉണ്ട്. തീര്‍ത്തും അനാരോഗ്യകരമായ സാഹചര്യത്തിലൂടെ ഞങ്ങള്‍ കടന്നുപോകുന്നതെന്ന തിരിച്ചറിവ് സിനിമയിലെ സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുണ്ട്. 

സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വിശദമായ ഒരു സിനിമാനയം ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ടതുണ്ട്. പ്രൊഡക്ഷന്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന ഘട്ടം മുതല്‍ റിലീസ് ചെയ്യുന്നത് വരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത തരത്തിലുള്ള നയമാണ് വേണ്ടത്. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് പരാതി നല്‍കാനുള്ള ആഭ്യന്തര കമ്മിറ്റികള്‍ ഇപ്പോഴും ശരിയായി പ്രവര്‍ത്തിക്കുന്നില്ല, അതിനൊരു മാറ്റം ഉണ്ടാകണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com