
ചൂരൽമല ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്ക് വഹിച്ച ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നു. പാലം നിലനിർത്തുന്ന സാഹചര്യത്തിലാണ് ഗാബിയൻ ബാഗ് ഉപയോഗിച്ച് കല്ല് നിറച്ച് അടിത്തറ ബലപ്പെടുത്തുന്നത്. മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന് ഏറ്റവും ഉപകാരപ്രദമായത് സൈന്യം നിർമ്മിച്ച ബെയ്‌ലി പാലമായിരുന്നു. 36 മണിക്കൂർ കൊണ്ടാണ് 80 അടി നീളമുള്ള പാലം നിർമ്മിച്ചത്. പിന്നീടുള്ള രക്ഷാപ്രവർത്തനം ഇതിലൂടെയായിരുന്നു.
ഉരുൾപൊട്ടൽ ഉണ്ടായി പതിനൊന്നാം നാളിലും രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലേക്ക് പോകുന്നത് ഇതുവഴിയാണ്. അതിനാലാണ് സൈന്യം മടങ്ങിയിട്ടും പാലം നിലനിർത്താൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി ഗാബിയൻ ബാഗിൽ കല്ലുകൾ നിറച്ച് ബലപ്പെടുത്തുക എന്നതാണ് നിലവിലെ തീരുമാനം.
വീണ്ടും ഉരുൾപൊട്ടിയാലും ജലനിരപ്പ് ഉയരുകയോ ഒഴുക്ക് വർദ്ധിക്കുകയോ ചെയ്താലും പാലത്തിന് ഇളക്കം സംഭവിക്കാതിരിക്കാനാണ് പുതിയ നീക്കം. 4 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും 1 മീറ്റർ ആഴത്തിലുമുള്ള ബാഗുകളാണ് നിർമ്മിക്കുന്നത്. പലത്തിൻ്റെ ഇരുവശങ്ങളിലും ബലപ്പെടുത്തൽ നടത്താനാണ് തീരുമാനം.
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് ബെയ്‌ലി പാലത്തിൻ്റെ നിർമാണ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിലാണ് പാലം നിർമാണത്തിനാവശ്യമായ സാമഗ്രികൾ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചിരുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മാണത്തിൻ്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്.
പ്രത്യേകതരം പോർട്ടബിൾ, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം. വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്നതാണ് ബെയ്‌ലി പാലങ്ങൾ. ദുരന്ത നിവാരണം, സൈനിക ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് ബെയ്ലി പാലങ്ങൾ പ്രധാനമായും ഉപയോഗിക്കുക.