ഗാസയിലെ വെടിനിർത്തൽ: ട്രംപുമായി ചർച്ച നടത്തിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ ചർച്ചകൾ നടക്കവെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം
ഗാസയിലെ വെടിനിർത്തൽ: ട്രംപുമായി ചർച്ച നടത്തിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു
Published on

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലുമായി ബന്ധപ്പെട്ട് ട്രംപുമായി ഫോണിൽ ചർച്ച നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ഗാസയിലെ വെടിനിർത്തൽ, ബന്ദികളുടെ മോചനം എന്നിവയിൽ ചർച്ച നടത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ.

യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ ചർച്ചകൾ നടക്കവെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം. വിഷയത്തിൽ ട്രംപ് ഇതുവരെ  പ്രതികരിച്ചിട്ടില്ല. എന്നാൽ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകൾ ലക്ഷ്യം വെച്ച് ഇസ്രയേൽ ഇപ്പോഴും ആക്രമണം തുടരുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഗാസയിൽ 40,000 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം, വ്യാഴാഴ്ച ഖത്തറിൽ നടക്കാനിരിക്കുന്ന ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അധികൃതർ പറഞ്ഞു. ഹമാസ് നേതാവായ ഇസ്മായിൽ ഹനിയയുടെ തെഹ്‌റാനിലെ കൊലപാതകത്തിന് പ്രതികാരം ചെയ്യരുതെന്ന പാശ്ചാത്യ ശക്തികളുടെ ആഹ്വാനങ്ങൾ ഇറാൻ നിരസിച്ചിരുന്നു.

ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തുന്നതോടെ ഗാസയിൽ വീണ്ടും വ്യാപകമായ സംഘട്ടനത്തിന് വഴിവെക്കുമെന്നാണ് സൂചന. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട പുരോഗതി ഇതിൽ മാറ്റമുണ്ടാക്കിയേക്കും. വെടിനിർത്തൽ ധാരണയായാൽ ഇസ്രയേലിനെതിരെ തൽക്കാലം ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. കൂടുതൽ ചർച്ചകളിലേക്കും പുതിയ നിർദേശങ്ങളിലേക്കും പോകാൻ താൽപര്യമില്ല. പകരം ബൈഡൻ്റെ നിർദേശത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ മാസം അംഗീകരിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ യുഎസ്, ഈജിപ്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ പദ്ധതി സമർപ്പിക്കണമെന്ന് ഹമാസ് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com