പുലികളി ഒഴിവാക്കിയാൽ വലിയ സാമ്പത്തിക ബാധ്യത; തീരുമാനം പുനഃപരിശോധിക്കാൻ നിവേദനവുമായി പുലിക്കളി സംഘങ്ങൾ

ആഘോഷങ്ങൾ പരിമിതപ്പെടുത്തി പുലികളി നടത്താൻ അനുവദിക്കണമെന്നും, അല്ലാത്തപക്ഷം സംഘങ്ങൾ കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നും തൃശൂർ മേയർക്ക് പുലിക്കളി സംഘങ്ങൾ നിവേദനം നൽകി
പുലികളി ഒഴിവാക്കിയാൽ വലിയ സാമ്പത്തിക ബാധ്യത;
തീരുമാനം പുനഃപരിശോധിക്കാൻ നിവേദനവുമായി പുലിക്കളി സംഘങ്ങൾ
Published on
Updated on

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പുലികളി ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ നിവേദനവുമായി പുലിക്കളി സംഘങ്ങൾ. ആഘോഷങ്ങൾ പരിമിതപ്പെടുത്തി പുലികളി നടത്താൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം സംഘങ്ങൾ കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നും തൃശൂർ മേയർക്ക് പുലിക്കളി സംഘങ്ങൾ നിവേദനം നൽകി.

വയനാട് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരവിന്റെ ഭാഗമായാണ് പുലികളി ഉപേക്ഷിക്കാൻ തൃശൂർ കോർപറേഷൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് വാങ്ങി സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. ഇതിനെതിരെയാണ് പുലിക്കളി സംഘങ്ങൾ മേയറെ നേരിൽക്കണ്ട് നിവേദനം നൽകിയത്. പുലികളിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓരോ ടീമിനും മൂന്ന് ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവായി. പുലികളി നടത്താതിരുന്നാൽ സാമ്പത്തിക നഷ്ടം താങ്ങാനാകില്ല. ഈ സാഹചര്യത്തിൽ പുലികളി വേണ്ടെന്നുവെച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

തൃശൂരിലെ ഒൻപത് പുലികളി സംഘങ്ങൾ ചേർന്ന് നൽകിയ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്ന് മേയർ എം. കെ. വർഗീസ് അറിയിച്ചു. അടുത്ത ദിവസം ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മേയർ വ്യക്തമാക്കി. നാലാം ഓണ ദിവസമായ സെപ്റ്റംബർ 18നാണ് ഇത്തവണ പുലികളി നടത്താൻ നിശ്ചയിച്ചിരുന്നത്. അതേസമയം പുലികളി സംഘങ്ങൾക്ക് പിന്നാലെ ദേശ കുമ്മാട്ടി സംഘങ്ങളും സമാന പരാതികളുമായി കോർപറേഷനെയും ജില്ലാ ഭരണകൂടത്തെയും സമീപിക്കാൻ ഒരുങ്ങുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com