
ഹിൻഡൻബർഗ്-സെബി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് നടന്നത്. സെബിക്കെതിരെ ഇത്രയം ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്. കോൺഗ്രസും ഇന്ത്യ മുന്നണിയും രാജ്യവ്യാപകമായി ഇക്കാര്യം ഉന്നയിക്കും. പോരാട്ടം ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും വേണുഗോപാൽ പറഞ്ഞു.
"രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് ഉണ്ടായത്. ഇത്രയം ആരോപണങ്ങൾ ഉണ്ടായിട്ടും സെബി ചെയർപേഴ്സൺ ആ കസേരയിൽ തുടരുന്നതെങ്ങനെ? ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗനം പാലിക്കുകയാണ്. അദാനിക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറിയത് സെബിയാണ്. എന്നാൽ അതേ കമ്പനി ചെയർപേഴ്സണിന് അദാനിയുടെ ഷെൽ കമ്പനികളിൽ ഓഹരി പങ്കാളിത്തം ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള നിയമവശങ്ങൾ പരിശോധിക്കും. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്. നാഷണൽ ഹൊറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കാനാണ് ശ്രമം. ഇഡി നോട്ടീസയച്ച് ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട" കെസി വേണുഗോപാൽ പറഞ്ഞു.
അദാനി ഗ്രൂപ്പിന്‍റെ വിദേശ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തല്‍. ആരോപണം അദാനിയും മാധബിയും നിഷേധിച്ചരുന്നു. റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ കമ്പനികളുടെ ഓഹരിയില്‍ 7 ശതമാനം കുറവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.
2023 ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ച് അദാനിക്കെതിരെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം. ഇന്ത്യന്‍ ഓഹരി വിപണികളെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടാണിതെന്ന് അന്നും വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.