'രാഹുൽ ഗാന്ധി വിനാശകാരി, പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തെ നശിപ്പിക്കും'; കങ്കണ റണാവത്ത്

ജീവിതകാലം മുഴുവൻ പ്രതിപക്ഷത്തിരിക്കാൻ രാഹുൽ തയ്യാറാകണമെന്നും കങ്കണ പരിഹസിച്ചു
'രാഹുൽ ഗാന്ധി വിനാശകാരി, പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തെ നശിപ്പിക്കും';  കങ്കണ റണാവത്ത്
Published on

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിമർശനവുമായി ബിജെപി എംപി കങ്കണ റണാവത്ത്. തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് കങ്കണ വിമർശനമുന്നയിച്ചത്. രാഹുൽ ഗാന്ധി ഏറ്റവും അപകടകാരിയും, വിനാശകാരിയുമാണ്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ ഈ രാജ്യത്തെ തന്നെ നശിപ്പിക്കുമെന്നതാണ് അദ്ദേഹത്തിന്റെ അജണ്ട.

ഈ രാജ്യത്തിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഉയർത്തുന്ന ഓഹരി വിപണിയെ ലക്ഷ്യം വച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് നനഞ്ഞ പടക്കമായി മാറി. ജീവിതകാലം മുഴുവൻ പ്രതിപക്ഷത്തിരിക്കാൻ മിസ്റ്റർ രാഹുൽ തയ്യാറാകണമെന്നും കങ്കണ പരിഹസിച്ചു.

രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ നേരത്തെയും വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും, ജനങ്ങളിൽ സംശയം ജനിപ്പിക്കുകയുമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു. സമ്പദ്‌വ്യവസ്ഥയുടെ ആത്മവിശ്വാസം തകർക്കാനുള്ള രാഹുലിന്റെ ശ്രമം ഇന്ത്യയെ നാശത്തിലേക്ക് നയിക്കുമെന്നും കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ ക്രമക്കേടുകൾ ഉണ്ടെന്നും, സെബിയുടെ വിശ്വാസ്യത പൂർണമായും തകർന്നുവെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സെബി ചെയർപേഴ്സൺ രാജി വെക്കാത്തത് എന്താണെന്നും, സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ പ്രതികരിക്കാത്തത്തിന്റെ കാരണം മനസിലായെന്നും രാഹുൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളെ തള്ളി ബിജെപി രംഗത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com