കൊല്ലം: പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിന് യുവാക്കളെ ആക്രമിച്ച മൂന്നംഗസംഘം അഞ്ചൽ പൊലീസിന്റെ പിടിയിലായി. ചീപ്പുവയൽ സ്വദേശികളായ ദാമു, മണിക്കുട്ടൻ, സന്തോഷ് എന്നിവരാണ് യുവാക്കൾക്കുനേരെ അതിക്രമം നടത്തിയത്.
അഞ്ചൽ ചീപ്പുവയൽ സ്വദേശിയായ സുനീഷിനെ ഓണക്കാലത്ത് കയ്യേറ്റം ചെയ്ത സംഭവം പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് വീണ്ടും ഇയാളെ ആക്രമിക്കുന്നതിന് കാരണമായത്. സുനീഷിനെ മൂന്നംഗസംഘം തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. സുനീഷിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസി പ്രിൻസിനും മർദനമേറ്റു.
ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയേറ്റ് പ്രിൻസിന്റെ തല പൊട്ടുകയും സുനീഷിന്റെ കൈവിരലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തു.
സുനീഷിന്റെയും പ്രിൻസിന്റെയും മൊഴി രേഖപ്പെടുത്തിയ അഞ്ചൽ പൊലീസ് അക്രമികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ദാമുവിനെയും മണിക്കുട്ടനെയും സന്തോഷിനെയും അഞ്ചൽ ബൈപ്പാസിനടുത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അക്രമികളെ കോടതി റിമാൻഡ് ചെയ്തു.