കൊല്ലം: വൈരാഗ്യത്തിൻ്റെ പേരിൽ കടയ്ക്കലിൽ ലോറിയും വാനും തകർത്ത് യുവാക്കൾ. വീടിനു സമീപം പാർക്ക് ചെയ്തിരുന്ന മിനി ലോറിക്ക് തീ വയ്ക്കുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാൻ അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു. ചരിപ്പറമ്പിന് സമീപം കോവൂർ സ്വദേശിയായ അനീഷിന്റെ ഉടമസ്ഥയിലുള്ള വാഹനങ്ങളാണ് തകർക്കപ്പെട്ടത്. സംഭവത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ദിവസം ശുചിമുറി മാലിന്യം നീക്കം ചെയ്യുന്ന വാഹനത്തിന്റെ ഉടമയായ അനീഷിനെ ചടയമംഗലം പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും സ്റ്റേഷൻ പരിധിയിൽ കക്കൂസ് മാലിന്യം തള്ളിയ സിസിടിവി ദൃശ്യം കാണിക്കുകയും ചെയ്തിരുന്നു. സിസിടിവിയിൽ കണ്ട വാഹനം തന്റേതല്ലെന്നും അത് അടൂർ സ്വദേശിയായ നന്ദു എന്ന ആളുടേതാണെന്നും അനീഷ് ചടയമംഗലം പൊലീസിനെ അറിയിച്ചു.
ഇതിൻ്റെ വൈരാഗ്യത്തിലാണ് രാവിലെ തന്റെ ഉടമസ്ഥതയിലുള്ള വാഹനം അടൂർ സ്വദേശിയായ നന്ദുവും രണ്ടു കൂട്ടുകാരും ചേർന്ന് കത്തിക്കുകയും അടിച്ചുതകർക്കുകയും ചെയ്തതെന്ന് കാട്ടി അനീഷ് കടയ്ക്കൽ പൊലീസ് പരാതി നൽകി. വാഹനം അടിച്ചുപൊളിക്കുന്ന ശബ്ദം കേട്ട് വീട്ടിൽ നിന്നറങ്ങിയ അനീഷ് കാണുന്നത് വാഹനം കത്തിക്കുന്നതും അടിച്ചുതകർക്കുന്നതുമാണ്. അനീഷിനെ കണ്ടതും അക്രമികൾ കടന്നുകളയുകയായിരുന്നു. അനീഷും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ പടർന്ന തീയണച്ചത്. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.