തൊടുപുഴയിൽ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്താണ് സംഭവം. ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് ഇരുവരെയും മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.
ഉന്മേഷിൻ്റെ കുടുംബം കഴിഞ്ഞ ഒരു വർഷമായി കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭാര്യ അടുത്തുള്ള കടയിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടത്. ലോട്ടറി വില്പനക്കാരനായ ഉന്മേഷ് അധിക സമയവും മാനസിക വെല്ലുവിളി നേരിടുന്ന മകനെ നോക്കി വീട്ടിൽ തന്നെ ഇരിക്കുന്ന ആളായിരുന്നു. കുട്ടിക്ക് കൂടുതൽ ചികിത്സ നൽകണമെന്ന് അംഗൻവാടിയിൽ നിന്ന് ഇന്ന് പറഞ്ഞതായുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹം കിടപ്പുമുറിയിലെയും ഹാളിലെയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നുവെന്ന് സ്ഥലത്തെത്തിയ തൊടുപുഴ സിഐ മഹേഷ്കുമാർ വിശദീകരിച്ചു. ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പൂർണമായ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും തൊടുപുഴ സിഐ അറിയിച്ചു.