കൊച്ചി: കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. ഒരു യുവതി ഉൾപ്പെടെ അഞ്ചുപേരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങൾ വാങ്ങിയശേഷം പേയ്‌മെന്‍റ് നടത്തിയതായി സ്ക്രീനിൽ തെളിയുന്ന ചിത്രം കാണിച്ചായിരുന്നു തട്ടിപ്പ്.
കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ അമീൻ, മുഹമ്മദ് അനസ്, ലുബാന, തിരുവനന്തപുരം സ്വദേശി വിശാഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം യുപിഐയുടെ വ്യാജ ആപ്പ് ഉപയോഗിച്ച് പേയ്‌മെന്‍റ് നടത്തിയെന്ന് സ്ക്രീനിൽ തെളിയുന്ന ചിത്രം കടയുടമകളെ കാണിച്ചായിരുന്നു തട്ടിപ്പ്.
എന്നാൽ അക്കൗണ്ടുകളിൽ പണം എത്തിയിരുന്നില്ല. ലോഡ്‌ജുകളിൽ മുറിയെടുത്തും സംഘം സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഇടപ്പള്ളിയിലുള്ള ഹോംസ്റ്റേയിൽ പിടിയിലായ സംഘം ആയിരം രൂപ ദിവസവാടകയുള്ള രണ്ടു മുറി രണ്ടുദിവസത്തേക്ക് എടുത്തിരുന്നു. 4000 രൂപ പേമെന്റ് ചെയ്തിട്ടുണ്ട് എന്ന് ഹോട്ടൽ ജീവനക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
സംശയം തോന്നിയ ഹോംസ്റ്റേ ഉടമയാണ് സംഘത്തെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. കളമശ്ശേരി എളമക്കര പ്രദേശത്തെ നിരവധി കടകളിൽ നിന്ന് വസ്ത്രങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ പിടിയിലായ സംഘം വാങ്ങിയിട്ടുണ്ട്. വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം ബിൽ തുക യുപിഐ ഉപയോഗിച്ച് നൽകിയതായി ജീവനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.