
അല്‍വാര്‍: കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ അല്‍വാറില്‍ വീപ്പയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. അല്‍വാര്‍ സ്വദേശി ഹാന്‍സ് രാജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹാന്‍സ് രാജിന്റെ ഭാര്യയും കാമുകനുമാണ് പിടിയിലായത്.
കൊലപാതകത്തില്‍ നിര്‍ണായക തെളിവായത് ഹാന്‍സ് രാജിന്റെ എട്ട് വയസുള്ള മകന്റെ മൊഴിയായിരുന്നു. അമ്മയും മറ്റൊരാളും ചേര്‍ന്ന് പിതാവിന്റെ ശരീരം വീപ്പയില്‍ കയറ്റുന്നത് കണ്ടുവെന്ന നിര്‍ണായക മൊഴി നല്‍കിയത് എട്ട് വയസുള്ള മകനാണ്.
പിതാവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അമ്മയും സുഹൃത്തും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും കുട്ടി വെളിപ്പെടുത്തി. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന അങ്കിള്‍ (വീട്ടുടമയുടെ മകന്‍) ആണ് അച്ഛനെ കൊന്നതെന്നും ശേഷം ഇരുവരും ചേര്‍ന്ന് ശരീരം വീപ്പയിലാക്കുകയായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. 'കൊലപാതകത്തിനു മുമ്പ് മൂന്ന് പേരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. അമ്മ വളരെ കുറച്ച് മാത്രമാണ് കുടിച്ചത്. എന്നാല്‍, അങ്കിളും അച്ഛനും ധാരാളം കുടിച്ചിരുന്നു. മദ്യപിച്ചതിനു ശേഷം അച്ഛന്‍ അമ്മയെ മര്‍ദിക്കാന്‍ തുടങ്ങി. അങ്കിള്‍ ഇത് തടയാന്‍ ശ്രമിച്ചു. എന്നാല്‍, അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അങ്കിളിനേയും കൊല്ലുമെന്ന് അച്ഛന്‍ വിളിച്ചു പറഞ്ഞു'. - കുട്ടിയുടെ വാക്കുകള്‍.
ഇതോടെ, അങ്കിള്‍ അച്ഛനെ ആക്രമിച്ചു. ഇതോടെ തന്നോട് പോയി ഉറങ്ങാന്‍ അമ്മ ആവശ്യപ്പെട്ടു. ഉണര്‍ന്നപ്പോള്‍ അച്ഛന്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീണ്ടും ഉറങ്ങാന്‍ കിടന്നു. എന്നാല്‍, ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ അമ്മയും അങ്കിളും നില്‍ക്കുന്നതാണ് കണ്ടത്. അച്ഛനെ കണ്ടില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വീട്ടുടമ പറഞ്ഞതോടെ ഇരുവരും പേടിച്ചിരുന്നു. ഇതോടെയാണ് ഞങ്ങളെ ഇഷ്ടിക ചൂളയിലേക്ക് കൊണ്ടുപോയത്.
പക്ഷെ, ഇഷ്ടിക ചൂള ഉടമ പൊലീസിനെ വിളിച്ചു. വീട്ടില്‍ വെള്ളം സംഭരിക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മിലാണ് അച്ഛന്റെ മൃതദേഹം ഇട്ടതെന്നും കുട്ടി പറഞ്ഞു. ഡ്രമ്മിലുണ്ടായിരുന്ന വെള്ളം അങ്കിളും അമ്മയും ചേര്‍ന്ന് കളഞ്ഞതിനു ശേഷം പപ്പയെ അതിലേക്ക് ഇറക്കുകയായിരുന്നു. ഇതിനു ശേഷം ഡ്രം അടുക്കളയില്‍ കൊണ്ടുപോയി വെച്ചു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ മരിച്ചെന്നാണ് പറഞ്ഞതെന്നും കുട്ടി പറയുന്നു.
മദ്യപിച്ച് ബോധരഹിതനായി കിടന്ന ഹാന്‍സ് രാജിനെ തലയണയില്‍ മുഖം അമര്‍ത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിനു ശേഷമാണ് വീപ്പയ്ക്കുള്ളില്‍ മൃതദേഹം ഒളിപ്പിച്ചുവെച്ചത്. അച്ഛന്‍ അമ്മയേയും തന്നേയും പതിവായി ഉപദ്രിവിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അമ്മയെ മര്‍ദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു. ബ്ലേഡ് ഉപയോഗിച്ച് തന്റെ കഴുത്ത് മുറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുട്ടി പറയുന്നു.
കഴിഞ്ഞ ദിവസമാണ് വീടിന്റെ ഒന്നാമത്തെ നിലയില്‍ സൂക്ഷിച്ച വീപ്പയ്ക്കുള്ളില്‍ നിന്ന് ഹാന്‍സ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് വീട്ടുടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയാണ് വീപ്പയ്ക്കുള്ളില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. ഓഗസ്റ്റ് 15നാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
ഹാന്‍സ് രാജിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊന്ന് വീപ്പയ്ക്കുള്ളിലാക്കിയെന്നാണ് പൊലീസ് പറയുന്നത്. ശേഷം മൃതേദഹം പെട്ടെന്ന് അഴുകാനായി ഉപ്പിട്ട് നിറച്ചു. ഇതിനു ശേഷം വീപ്പ അടച്ചുവെച്ചു.