എറണാകുളം: സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. മുഹമ്മദ് അൻഷാദ്, മുഹമ്മദ് റാസിക്ക് എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിൻ്റെ പിടിയിലായത്. മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് രക്ഷപ്പെടുന്നവരാണ് ഇരുവരും. 500 ഓളം സിസിടിവികൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
ഡിസംബർ മുതൽ ആറോളം സ്ത്രീകളാണ് യുവാക്കളിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. നാണക്കേട് ഭയന്ന് ഇരകളായവരാരും പരാതി പറയാൻ മുന്നോട്ട് വന്നിരുന്നില്ല. കഴിഞ്ഞ ദിവസം അക്രമം നേരിട്ട യുവതി പരാതിയുമായി മുന്നോട്ട് വരികയായിരുന്നു. പിന്നാലെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. 500 ഓളം സിസിടിവികൾ പരിശോധിച്ചാണ് അറസ്റ്റ്.