
ആടുജീവിതം സിനിമയ്ക്ക് കിട്ടിയ അംഗീകാരത്തിൽ വലിയ സന്തോഷമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ഗോകുലിന് കിട്ടിയ പുരസ്കാരത്തിലാണ് ഏറ്റവും വലിയ സന്തോഷം. സിനിമയിലെ പാട്ടുകൾ പരിഗണിക്കാതിരുന്നതിൽ വിഷമമുണ്ടെന്നും ബ്ലെസി പറഞ്ഞു.
അതേസമയം, അവാർഡ് കിട്ടിയതിൽ സന്തോഷമെന്ന് നജീബ് പ്രതികരിച്ചു. പൃഥ്വിരാജിനും ബ്ലെസി സാറിനും അവാർഡ് കിട്ടിയതിലും, ലോകം മുഴുവൻ ആടുജീവിതം കണ്ടതിലും സന്തോഷമുണ്ടെന്നും നജീബ് ന്യൂസ് മലയാളത്തോട് പറഞ്ഞു. നജീബിന്റെ പ്രവാസജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു ആടുജീവിതം.
പുരസ്കാരം അപ്രതീക്ഷിതമായിരുന്നെന്ന് ആടുജീവിതത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ കെ. ആർ. ഗോകുൽ പറഞ്ഞു. പരിശ്രമങ്ങൾ പാഴായില്ലെന്നും, ബ്ലെസ്സി സാർ മകനെപോലെയാണ് കണ്ടതെന്നും, അർഹിച്ച അംഗീകാരമാണ് സിനിമയ്ക്ക് ലഭിച്ചതെന്നും കെ. ആർ. ഗോകുൽ കൂട്ടിച്ചേർത്തു.
ആടുജീവിതം എന്ന സിനിമ കടന്നുപോയ സാഹചര്യം എല്ലാവർക്കും അറിയാമെന്ന് പൃഥ്വിരാജും പ്രതികരിച്ചു. ആ സിനിമയോട് അത്രയും സ്നേഹത്തോടെ, എത്രയോ വർഷം ഒരുമിച്ച് പ്രവർത്തിച്ച ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ ചിത്രം. പ്രേക്ഷകർ സിനിമയ്ക്ക് നൽകിയ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരമെന്ന് ആടുജീവിതത്തിന് ലഭിച്ച പുരസ്കാരങ്ങളിൽ പ്രതികരിച്ച് പൃഥ്വിരാജ് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ആടുജീവിതം. ഒൻപത് അവാർഡുകൾ നേടിയാണ് ചിത്രം സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത്. മികച്ച ജനപ്രിയ സിനിമ. സംവിധായകൻ, നടൻ, തിരക്കഥ അവലംബം, ഛായാഗ്രഹണം, ശബ്ദമിശ്രണം, മേക്കപ്പ്, ജൂറി പരാമർശം, മികച്ച പ്രോസസിങ് ലാബ്/ കളറിസ്റ്റ്- വൈശാഖ് ശിവഗണേഷ് എന്നീ അവാർഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്.
ബെന്യാമിൻ്റെ ആടുജീവിതം എന്ന പുസ്തകം സിനിമയായി ആവിഷ്കരിക്കുമ്പോൾ കടുത്ത വെല്ലുവിളികളാണ് ബ്ലെസിക്കും ടീമിനും നേരിടേണ്ടി വന്നിരുന്നത്. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രമാകാൻ പൃഥ്വിരാജും, കെ. ആർ ഗോകുലും നടത്തിയ പരിശ്രമങ്ങളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ എട്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കൂടി നേടിയിരിക്കുകയാണ് ചിത്രം.