ബംഗ്ലാദേശിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

ഇന്ത്യൻ നയതന്ത്രജ്ഞർ ബംഗ്ലാദേശില്‍ തുടരുന്നുണ്ടെന്നും ദൗത്യങ്ങൾ പ്രവർത്തനക്ഷമമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു
ബംഗ്ലാദേശിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു
Published on

ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞ് നാടുവിട്ട് ഇന്ത്യയിൽ അഭയം നേടിയതിനു പിന്നാലെ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബംഗ്ലാദേശിലെ ഇന്ത്യൻ വിസ അപേക്ഷ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. അടുത്ത അപേക്ഷാ തീയതി എസ്എംഎസ് വഴി അറിയിക്കുമെന്നും അടുത്ത പ്രവൃത്തി ദിവസം തന്നെ പാസ്‌പോർട്ട് എടുക്കാൻ അഭ്യർത്ഥിക്കുന്നുവെന്നുമാണ്, ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിൽ കാണിക്കുന്ന സന്ദേശം.

ബംഗ്ലാദേശിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍, ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചതിന് പിന്നാലെയാണ് നടപടി. അതേസമയം, ഇന്ത്യൻ നയതന്ത്രജ്ഞർ ബംഗ്ലാദേശില്‍ തുടരുന്നുണ്ടെന്നും ദൗത്യങ്ങൾ പ്രവർത്തനക്ഷമമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും, ചിറ്റഗോങ്, രാജ്‌ഷഹി, ഖുൽന, സിൽഹെറ് എന്നിവടങ്ങളില്‍ കോൺസുലേറ്റുകളും ഉണ്ട്. 

ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിനെതിരായ വൻ പ്രതിഷേധമാണ് 76കാരിയായ ഹസീനയെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതയാക്കിയത്. ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സൈന്യം. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും ഗ്രാമീൺ ബാങ്ക് സ്ഥാപകനുമായ മുഹമ്മദ് യൂനുസാണ് കാവൽ സർക്കാരിനെ നയിക്കുക.

ബംഗ്ലാദേശിലെ 19,000നടുത്ത് ഇന്ത്യക്കാരുണ്ടെന്നും, അതിൽ 9000 പേർ വിദ്യാർഥികളാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. നിരവധി വിദ്യാർഥികൾ കലാപം പൊട്ടിപുറപ്പെട്ട സമയത്തു തന്നെ ഇന്ത്യയിൽ തിരിച്ചെത്തി. ബംഗ്ലാദേശിൽ ഇപ്പോൾ ഉള്ള ഇന്ത്യൻ ജനതയെ സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും എസ്. ജയശങ്കർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com