ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ചർച്ചക്ക് തയ്യാറെന്ന് ഇസ്രയേൽ

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അരക്ഷിതാവസ്ഥ ഉടലെടുത്തിന് പിന്നാലെയാണ് മധ്യസ്ഥ രാജ്യങ്ങൾ വെടിനിർത്തൽ ചർച്ചക്ക് ആവശ്യപ്പെട്ടത്
ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ചർച്ചക്ക് തയ്യാറെന്ന് ഇസ്രയേൽ
Published on

ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. വിവിധ ഇടങ്ങളിലായി ഇസ്രയേൽ നടത്തിയ ആക്രമത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹമാസ് പ്രത്യാക്രമണവും നടത്തി. ഇതിനിടെ ഖാൻ യൂനിസിൽ നിന്ന് ഇസ്രായേൽ സേന ആളുകളെ ഒഴിപ്പിച്ചു. എന്നാൽ യുദ്ധം വ്യാപിക്കുമെന്ന ആശങ്കകൾക്കിടെ ഓഗസ്റ്റ് 15ന് വെടിനിർത്തൽ ചർച്ചകൾ പുനരാരരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.

ഗാസയിലെ യുദ്ധം ഒരു വർഷത്തോട് അടുക്കുമ്പോൾ ഇസ്രയേൽ ആക്രമണം ശക്തമാക്കുകയാണ്. സെൻട്രൽ ഗാസയിലെ അൽ-ബുറൈജ് ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ക്യാമ്പിൽ നടന്ന ആക്രമണത്തിൽ നാല് പേരും കൊല്ലപ്പെട്ടു. ഏറ്റവും കൂടുതൽ ജനവാസമുള്ള ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്‍റെ ആക്രമണം. വടക്കൻ ഗാസയിലെ വീടിന് നേരെയും സൈന്യം ബോംബാക്രമണം നടത്തി. ഇതിൽ 5 പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. രണ്ട് സ്കൂളുകളിൽ നടത്തിയ ആക്രമണത്തിൽ വിദ്യാർഥികൾ ഉൾപ്പടെ 15 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനിക ആവശ്യങ്ങൾക്കായി പൗരന്മാരെയും സ്വത്തുക്കളെയും ഹമാസ് ചൂഷണം ചെയ്യുന്നുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. പിന്നാലെ സൈന്യത്തിൻ്റെ ടാങ്കുകൾ തകർക്കാൻ പ്രഹരശേഷിയുള്ള റോക്കറ്റുകളും മോർട്ടാറുകളും ഉപയോഗിച്ച് ഹമാസ് തിരിച്ചടിച്ചു.

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അരക്ഷിതാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. പിന്നാലെ യുഎസ്, ഖത്തർ, ഈജിപ്ഷ്യൻ മധ്യസ്ഥർ ഹമാസ്, ഇസ്രയേൽ കക്ഷികളോട് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടു. മധ്യസ്ഥരുടെ ആവശ്യപ്രകാരം ഓഗസ്റ്റ് 15 ന് ഗാസ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇസ്രായേൽ സമ്മതിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഇനി പാഴാക്കാൻ സമയമില്ലെന്നും രണ്ട് കക്ഷികളിൽ നിന്നും യാതൊരു ഒഴികഴിവുകളും അംഗീകരിക്കാൻ കഴിയില്ലെന്നും മധ്യസ്ഥ രാജ്യങ്ങൾ കടുത്ത നിലപാടെടുത്തതോടെയാണ് ഇസ്രയേൽ ചർച്ചക്ക് തയ്യാറായത്. എന്നാൽ ചർച്ചക്കുള്ള ക്ഷണത്തെ കുറിച്ച് ഹമാസിൻ്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com