പലസ്തീൻ മനുഷ്യാവകാശ സംഘടനയായ ബെത്‌സെലേം "വെൽക്കം ടു ഹെൽ" എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്
"ഇസ്രയേലിലെ മെഗിഡോ ജയിലിൽ ബസിറങ്ങിയ ഞങ്ങളോട് സൈന്യം ഇങ്ങനെ പറഞ്ഞു, 'നരകത്തിലേക്ക് സ്വാഗതം...'" ഇസ്രയേൽ ജയിലിൽ നരകയാതന അനുഭവിക്കേണ്ടി വന്ന പലസ്തീൻ പൗരൻ ഫുവാദ് ഹസ്സൻ്റെ വാക്കുകളാണിത്. ഹസ്സൻ്റെ വാക്കുകൾ കടമെടുത്ത് പലസ്തീൻ മനുഷ്യാവകാശ സംഘടനയായ ബെത്‌സെലേം "വെൽക്കം ടു ഹെൽ" എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ മോചിപ്പിക്കപ്പെട്ട 55 പലസ്തീൻ തടവുകാരിൽ നിന്നുള്ള സാക്ഷ്യങ്ങൾ അടങ്ങിയ ഈ റിപ്പോർട്ട്, സമാനതകളില്ലാത്ത ഇസ്രയേലി ക്രൂരതയുടെ നേർചിത്രമാണ്.
പലസ്തീൻ തടവുകാർ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന യുഎൻ റിപ്പോർട്ടിന് പിന്നാലെയാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജയിലനുഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലഭിച്ച എല്ലാ ഉത്തരങ്ങളും നെഞ്ച് പിടപ്പിച്ചെന്ന് ബെത്‌സെലേം പറയുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 10,000 പലസ്തീൻ പൗരൻമാരെയാണ് ഇസ്രയേൽ തടവിലാക്കിയത്. ഇവരെ പാർപ്പിക്കാൻ പോന്ന ജയിൽ സൗകര്യങ്ങൾ രാജ്യത്തില്ലായിരുന്നു. എന്നാൽ ഈ തടവുകാരെ കുത്തിനിറച്ച് സെല്ലുകളിലിട്ട് പൂട്ടാൻ ഇസ്രയേലിന് മടിയില്ലായിരുന്നു. ആറു പേർക്ക് കഴിയാൻ പാകത്തിനുള്ള സെല്ലുകളിൽ 12ഉം 13ഉം ആളുകളാണ് തിങ്ങി പാർത്തത്.
ALSO READ: ഗാസയിലെ അമ്മമാര്‍ കുട്ടികളെ പഠിപ്പിക്കുകയാണ്, ചിറകുകളില്ലാതെ പറക്കാന്‍...
ജീവിതമാകെ മാറിയെന്നായിരുന്നു ജയിലിൽ കഴിയേണ്ടി വന്ന ഫിറോസ് ഹസ്സൻ പറഞ്ഞത്. ഈ അനുഭവത്തെ ഒരു സുനാമിയെന്ന് വിളിക്കാനാണ് ഫിറോസ് താൽപര്യപ്പെടുന്നത്. തൊണ്ണൂറുകളുടെ തുടക്കം മുതൽ സെല്ലുകളിൽ കിടന്ന ഫിറോസിന് ജയിൽ ജീവിതം അപരിചതമായിരുന്നില്ല. എന്നാൽ ഇസ്രയേൽ ജയിലിലെത്തിയ ദിനം തന്നെ അനുഭവിക്കേണ്ടി വന്ന യാതന തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന് ഫിറോസ് പറയുന്നു.
ജയിലിലെത്തിയ ഫിറോസിനെ സ്വാഗതം ചെയ്യാൻ 20 ഉദ്യോഗസ്ഥരെത്തി. വടികളും ലാത്തികളും തോക്കുകളുമായി. തടവുകാരെ ഇവർ ബന്ധനസ്ഥരാക്കി, കണ്ണുകൾ മൂടി. മനസ്സ് മടുക്കുവോളം മർദിച്ചുകൊണ്ടേയിരുന്നു. ഒഴുകിയിറങ്ങുന്ന ചോരയിൽ ചവിട്ടികൊണ്ട് അവർ തടവുകാരെ വീണ്ടും വീണ്ടും മർദിച്ചു. കഴിഞ്ഞ ഏപ്രിലിൽ കുറ്റവിമുക്തനായി ജയിൽ മോചിതനായ ഫിറോസിന് ആറ് മാസം കൊണ്ട് ഏകദേശം 20 കിലോ ഭാരം കുറഞ്ഞിരുന്നു.
ഫിറോസ് ഹസ്സൻ
ഇസ്രയേൽ അറബ് അഭിഭാഷകൻ സാരി ഖൗറിയും മറിച്ചല്ല പറയുന്നത്. "ഉദ്യോഗസ്ഥർ തടവുകാരുടെ ബോധം നഷ്ടപ്പെടുന്നത് വരെ മർദനം തുടരുകയാണ്. മർദനത്തിന് പ്രത്യേക കാരണങ്ങളില്ല. ജയിലിനകത്ത് നിയമമില്ല. ക്രമസമാധാനമില്ല." ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഹമാസിൻ്റെ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്നതാണെന്ന് കാട്ടി കഴിഞ്ഞ നവംബറിൽ ജയിലിൽ കഴിഞ്ഞ ഖൗറി ജയിൽ അനുഭവങ്ങൾ ഓർത്തെടുത്തു.
നിരന്തരമായ മർദനം, അപമാനം, ലൈംഗികാതിക്രമം, പട്ടിണി, ഉറക്കമില്ലായ്മ ഇങ്ങനെ ഇസ്രയേൽ ജയിലിൽ ഒരു മനുഷ്യജീവനെ പീഡിപ്പിക്കാൻ കഴിയുന്ന തരത്തിലെല്ലാം ഇസ്രയേൽ അധികൃതർ ക്രൂരത പുറത്ത് കാട്ടി. പകുതി വെന്ത തക്കാളിയും വെള്ളരിയും പാകം ചെയ്യാത്ത അരിയും കഴിച്ച തടവുകാരെ പക തീരുവോളം മർദിച്ച ജയിൽ അധികൃതർ, രാത്രികാലങ്ങളിൽ സെല്ലിലെത്തി ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്തു.
ഇസ്രയേലി പ്രിസൺ സർവീസ്
ജയിലുകളിൽ മൂന്ന് കൊടും കൊലപാതകങ്ങൾ നടന്നതായി സാക്ഷികളായ തടവുകാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജയിൽ അധികൃതരുടെ നിർത്താതെയുള്ള മർദനത്തിൻ്റെ ഫലമായി തേർ അബു അസബ്, അബ്ദുൾ റഹ്മാൻ അൽ-മാരി എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടു. ഗാർഡുകൾക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിച്ചതായിരുന്നു തേർ അബു അസബിൻ്റെ മരണകാരണം. ഒക്ടോബർ 7 ന് ശേഷം ഭക്ഷണം നൽകാത്തതിനെ തുടർന്നായിരുന്നു മുഹമ്മദ് അൽ-സബ്ബാറെന്ന തടവുകാരൻ മരിച്ചത്. ഇത്തരത്തിൽ ഒക്ടോബർ ഏഴിനും മെയ് 15നും ഇടയിൽ 17 പലസ്തീനി തടവുകാർ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു.
"ഈ പ്രോജക്റ്റ് ആരംഭിച്ചപ്പോൾ അവിടെയും ഇവിടെയും ഇടയ്ക്കിടെ തെളിവുകളും ചില കേസുകളും കണ്ടെത്തുമെന്നായിരുന്നു ഞങ്ങൾ കരുതിയത്. പക്ഷേ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ചിത്രം ഞെട്ടിക്കുന്നതാണ്." ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ യൂലി നോവാക് പറയുന്നു.
ഇസ്രയേൽ പൗരൻമാരടക്കം 55 പേർ ദുരനുഭവങ്ങൾ പങ്കുവെച്ചപ്പോഴും ഇവയെല്ലാം ബാലിശമായ ആരോപണങ്ങളാണെന്ന് പറഞ്ഞ് തള്ളാൻ ഇസ്രയേൽ മടിച്ചില്ല. ദുർനടപടികളെയോ തൃപ്തികരമല്ലാത്ത തടങ്കൽ വ്യവസ്ഥകളെയോ കുറിച്ചുമുള്ള കൃത്യവും വ്യക്തവുമായ പരാതികൾ അധികൃതർക്ക് മുന്നിൽ സമർപ്പിക്കുമെന്ന് കാട്ടി സൈന്യവും പിൻമാറി.
" ബെത്‌സേലം വിവരിച്ച കാര്യങ്ങളെ കുറിച്ച് ഞങ്ങൾക്ക് യാതൊരറിവുമില്ല. ഞങ്ങൾക്ക് അറിയാവുന്നിടത്തോളം, ഇസ്രയേലി പ്രിസൺ സർവീസിൻ്റെ ഉത്തരവാദിത്തത്തിൽ അത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ല. ജയിൽ വ്യവസ്ഥകൾ സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകൾ സമർപ്പിച്ച നിരവധി ഹർജികൾ സുപ്രീം കോടതി തള്ളിയിട്ടുമുണ്ട് " ഇസ്രയേലി പൊലീസ് സർവീസ് അവകാശപ്പെടുന്നു.
ALSO READ: കുട്ടികളുടെ ശ്മശാന ഭൂമികയായി മാറുന്ന ഗാസ
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ അരങ്ങേറിയത്. പുറത്തുവന്നവ മാത്രമാണ് ഇവ. ലോകമറിയാത്തത്ര യാതനകളും ക്രൂരതകളും അനുഭവിച്ചായിരിക്കും 17 പലസ്തീനിയൻ തടവുകാർ ജയിലുകളിൽ ജീവൻ വെടിഞ്ഞത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത പ്രവർത്തികൾ ലോകമറിഞ്ഞിട്ടും മുഖം തിരിക്കുകയാണ് ഇസ്രയേലി അധികൃതർ.