ഗാസയിൽ വീണ്ടും ഇസ്രയേൽ മിസൈലാക്രമണം; ഒരു കുടുംബത്തിലെ 15 പേർ കൊല്ലപ്പെട്ടു

ഗാസയിലെ നുസെറാത്ത് അഭയാർഥി ക്യാമ്പിന് ഏതാനും കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന വെയർഹൗസിലാണ് മൂന്ന് ഇസ്രയേലി മിസൈലുകൾ പതിച്ചത്
ഗാസയിൽ വീണ്ടും ഇസ്രയേൽ മിസൈലാക്രമണം; ഒരു കുടുംബത്തിലെ 15 പേർ കൊല്ലപ്പെട്ടു
Published on

മധ്യ ഗാസയിലെ അസ്-സവായ്ദ മേഖലയിൽ പലസ്തീനി കുടുംബം താമസിച്ച വെയർഹൗസിന് നേരെ ഇസ്രയേൽ ആക്രമണം. ബോബേറിൽ ഒമ്പത് കുട്ടികളടക്കം ഒരു കുടുംബത്തിലെ 15 പേർ കൊല്ലപ്പെട്ടു.  കൊല്ലപ്പെട്ടവരെല്ലാം അജ്‌ല കുടുംബത്തിലെ അംഗങ്ങളാണെന്നും മരിച്ചവരിൽ മൂന്ന് സ്ത്രീകളുണ്ടെന്നും ഗാസയിലെ സിവിൽ ഡിഫൻസ് വക്താവ് മഹമൂദ് ബാസലിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ ആളുകൾ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവിറക്കിയിരിക്കുകയാണ് ഇസ്രയേൽ.

ഗാസയിലെ നുസെറാത്ത് അഭയാർഥി ക്യാമ്പിന് ഏതാനും കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന വെയർഹൗസിലാണ് മൂന്ന് ഇസ്രയേലി മിസൈലുകൾ പതിച്ചത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായെന്നും കൂടുതൽ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മഹമൂദ് ബാസൽ പറഞ്ഞു.

വെടിനിർത്തല്‍ കരാറിനായുള്ള രണ്ടാംഘട്ട ചർച്ചകള്‍ പുരോഗമിക്കവെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. 10 മാസത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40,000ലധികം പലസ്തീനികളാണെന്നാണ് റിപ്പോർട്ട്. അമേരിക്കയും ഖത്തറും മധ്യസ്ഥം വഹിക്കുന്ന ചർച്ചയില്‍ നിന്ന് ഹമാസ് വിട്ടുനില്‍ക്കുകയാണ്. അതേസമയം, ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ഗൗരവമേറിയതും ക്രിയാത്മകവും നല്ല അന്തരീക്ഷത്തിലുമായിരുന്നു എന്ന് ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേലിൽ ചാര സംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബെർണിയ, ആഭ്യന്തര സുരക്ഷാ സേനാ തലവൻ റോണൻ ബാർ, ഉന്നത സൈനിക ഉദ്യോഗസ്ഥൻ നിറ്റ്‌സാൻ അലോണ്‍ എന്നിവരാണ് ഇസ്രയേലിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. ഗാസയില്‍ അടിയന്തര വെടിനിർത്തല്‍, ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളുടെ മോചനം എന്നിവയാണ് മുഖ്യ അജണ്ടകള്‍. ഇറാനില്‍ നിന്ന് ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാമെന്നിരിക്കെ യുദ്ധവ്യാപനം തടയുക കൂടി വെടിനിർത്തല്‍ ചർച്ചയുടെ ലക്ഷ്യമാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com