കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് സച്ചിദാനന്ദനാണ് (72) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഛർദിയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഇയാൾ. ഇതിനിടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തെ തുടർന്ന് സച്ചിദാനന്ദൻ്റെ വീട്ടിലുള്ള കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ, ഇരുന്നൂറിലധികം ആളുകൾക്കാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത്. ഇതിൽ നാൽപതിലേറെ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഉറവിടം കണ്ടെത്താനായി സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് ഫീൽഡുതല പഠനം ആരംഭിച്ചിരുന്നുവെങ്കിലും അവ്യക്തത തുടരുകയാണ്.