

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ഗുണകരമാകുമെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ. തുളസി, കോണ്‍ഗ്രസ് പോഷക സംഘടനയായ ശാസ്ത്ര വേദിയുടെ ജില്ലാ അധ്യക്ഷ ലക്ഷ്മി ആര്‍. ചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിരിക്കുന്നത്. കെ. എ. തുളസിയും ലക്ഷ്മി ആര്‍. ചന്ദ്രനും പാലക്കാട് നെന്മാറ എന്‍എസ്എസ് കോളജിലെ അധ്യാപകരാണ്. പാലക്കാട് എംപി വി. കെ ശ്രീകണ്ഠന്റെ ഭാര്യയാണ് കെ. എ തുളസി.
മുമ്പ് ചേലക്കര മണ്ഡലത്തില്‍ തുളസി മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. സമുദായിക സമവാക്യങ്ങള്‍ ലക്ഷ്മി ആര്‍. ചന്ദ്രന് ഗുണകരമാകുമെന്ന വിലയിരുത്തലും ഉണ്ട്. കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനാ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ബ്രൂവറി വിഷയത്തില്‍ ജനകീയ ഇടപെടലുകള്‍ നടത്തിയതും വഴിയാണ് ലക്ഷ്മി ആര്‍. ചന്ദ്രന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.
അതേസമയം പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെയും, ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരുടെയും പേരുകളും പാലക്കാട് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ വനിതാ സ്ഥാനാര്‍ഥി എന്ന തീരുമാനത്തിലേക്ക് വന്നാല്‍ കെ. എ. തുളസിയോ ലക്ഷ്മി ആര്‍. ചന്ദ്രനോ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയേക്കാം.