

പാലക്കാട്: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും സിമൻ്റ് കട്ടയും ഉൾപ്പെടെയുള്ള ഭാരമേറിയ വസ്തുക്കൾ കയറ്റിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദo മൂലമാണ് ഇപ്രകാരം ചെയ്തതെന്ന് പ്രതി പറഞ്ഞു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നു. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കും.
ഒറ്റപ്പാലത്തിനും ഷൊർണൂരിനും ഇടയിലുള്ള മണ്ണനൂർ, കാരക്കാട് എ-കാബിൻ പരിസരങ്ങളിലായി മൂന്നിടങ്ങളിലാണ് ട്രാക്കിൽ തടസങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ റെയിൽവേ സിഗ്നൽ വിഭാഗം ജീവനക്കാരും ഒരു ട്രെയിനിലെ ലോക്കോ പൈലറ്റുമാണ് ട്രാക്കിലെ തടസങ്ങൾ ആദ്യം കണ്ടത്. സംഭവം ഉടനെ തന്നെ അധികൃതരെ അറിയിച്ചതോടെ വലിയൊരു ട്രെയിൻ അപകടം ഒഴിവായി.
ട്രാക്കിൽ വസ്തുക്കൾ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ റെയിൽവേ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ ആർപിഎഫ് കണ്ടത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അട്ടിമറി ശ്രമത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് റെയിൽവേ സുരക്ഷാ വിഭാഗവും പൊലീസും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.