കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരണവുമായി നടൻ പ്രേംകുമാർ. കോടതിവിധി സ്വാഗതം ചെയ്യുന്നെന്ന് പ്രേംകുമാർ പ്രതികരിച്ചു. കുറ്റക്കാരായ പ്രതികൾക്ക് നല്ല ശിക്ഷയാണ് ലഭിച്ചത്. എന്നാൽ അതിജീവിത തന്നെ നീതി ലഭിച്ചില്ല എന്ന് പറയുമ്പോൾ, കോടതിവിധിയിൽ നീതി നടപ്പിലായെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രേകുമാർ ചോദിച്ചു.
ഗൂഢാലോചനക്ക് പിന്നിലുള്ളവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടു. കേസിൽ നടി മഞ്ജു വാര്യർ തുടക്കം മുതൽക്കെ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷൻ കണ്ടെത്തിയതും ഗൂഢാലോചനയുണ്ടെന്നാണ്. ഇത് കൊട്ടേഷൻ ആണെന്ന് ഒന്നാം പ്രതി അതിജീവിതയും പറഞ്ഞു. ദിലീപും ഇപ്പോൾ ഗൂഢാലോചന ഉണ്ടെന്നു പറയുന്നു. പൊതുസമൂഹവും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. കോടതിക്ക് മാത്രം ഗൂഢാലോചന ബോധ്യമായില്ല എന്നാണ് പറയുന്നത്. ഇതിന് പിന്നിൽ ആരായാലും മാതൃകപരമായ ശിക്ഷ നടപ്പിലാക്കണമെന്ന് നടൻ അഭിപ്രായപ്പെട്ടു.
അതേസമയം വിധിയിൽ നിരാശനാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. വിധി കേട്ടതിനുശേഷം നീതി നടപ്പായില്ല എന്ന് മനസ്സിലാക്കുന്നുവെന്നും കമൽ പറഞ്ഞു.
പരമാവധി ശിക്ഷ ആർക്കും ലഭിച്ചില്ല. ചെറുപ്പക്കാർ തന്നെയാണ് മറ്റു കുറ്റകൃത്യങ്ങളിലേയും പ്രതി. നീതി കിട്ടിയിട്ടില്ല എന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പിലായിട്ടില്ല എന്നാണ് നമ്മൾ കരുതേണ്ടത്. ദിലീപിനെ കുറ്റവിമുക്തനായ നടപടിയിൽ പ്രതികരിക്കുന്നില്ലെന്നും ആ വിഷയത്തിൽ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കമൽ വ്യക്തമാക്കി.