

നടിയെ ബലാത്സംഗം ചെയ്ത കേസിലെ വിധിയിൽ നിരാശനെന്ന് സംവിധായകൻ കമൽ. ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. വിധി കേട്ടതിനുശേഷം നീതി നടപ്പായില്ല എന്ന് മനസ്സിലാക്കുന്നുവെന്നും കമൽ വ്യക്തമാക്കി.
പരമാവധി ശിക്ഷ ആർക്കും ലഭിച്ചില്ല. ചെറുപ്പക്കാർ തന്നെയാണ് മറ്റു കുറ്റകൃത്യങ്ങളിലേയും പ്രതി. നീതി കിട്ടിയിട്ടില്ല എന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പിലായിട്ടില്ല എന്നാണ് നമ്മൾ കരുതേണ്ടത്. ദിലീപിനെ കുറ്റവിമുക്തനായ നടപടിയിൽ പ്രതികരിക്കുന്നില്ലെന്നും ആ വിഷയത്തിൽ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കമൽ വ്യക്തമാക്കി.
അതേസമയം,നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ വിധിച്ചത് കുറഞ്ഞു പോയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതികൾക്ക് മിനിമം ശിക്ഷ നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക. എട്ടാം പ്രതിയെ വെറുതെ വിട്ടത് എന്തുകൊണ്ടാണെന്ന് വിധിന്യായം വായിച്ചാലേ മനസിലാവുകയുള്ളൂവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. 20 വര്‍ഷം തടവ് എന്ന് പറഞ്ഞാല്‍ 20 വര്‍ഷത്തിന് മുകളില്‍ എത്ര വര്‍ഷത്തേക്ക് വേണമെങ്കിലും കോടതിക്ക് ശിക്ഷ വിധിക്കാന്‍ സാധിക്കും. വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ല,' പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
നാടിനെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ 6 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെടാതിരുന്നതിനെ തുടർന്നാണ് ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്.