

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ വിധിച്ചത് കുറഞ്ഞുപോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. ഇതിലൂടെ സമൂഹത്തിന് നല്‍കുന്നത് മോശം സന്ദേശമാണെന്നും കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി ലഭിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ശിക്ഷാവിധി കൂടി വായിക്കാതെ കൂടുതല്‍ പറയാനാവില്ല. ഏതൊക്കെ തെളിവുകള്‍ സ്വീകരിച്ചെന്നും ഇല്ലെന്നും പരിശോധിക്കേണ്ടതുണ്ട്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല. ശിക്ഷ നല്‍കേണ്ടത് കോടതി. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയതിനെതിരെ അപ്പീല്‍ പോവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
'ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് ആണ് നല്‍കിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 376 (ഡി) അഥവാ കൂട്ടബലാത്സംഗം സംബന്ധിച്ച് ഏറ്റവും പാര്‍ലമെന്റ് അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷയാണിത്. ഇത് സമൂഹത്തില്‍ അങ്ങേയറ്റത്തെ തെറ്റായ സന്ദേശം നല്‍കും. ശിക്ഷാവിധി കുറഞ്ഞുപോയത് സംബന്ധിച്ച് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. പ്രോസിക്യൂഷന് തിരിച്ചടിയില്ല. ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷനല്ല. തെളിവുകള്‍ ഉള്ളതുകൊണ്ടാണല്ലോ അവരെ ശിക്ഷിച്ചത്. പക്ഷെ ഏതൊക്കെ തെളിവുകളാണ് സ്വീകരിക്കാതെ പോയതെന്ന് വിധിന്യായം വായിക്കാതെ പറയാനാവില്ല. ജഡ്ജ്‌മെന്റ് വായിച്ച ശേഷം അതിനകത്ത് മതിയായ നടപടികള്‍ സ്വീകരിച്ചിരിക്കും. ശിക്ഷയില്‍ നിരാശനാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് വാദിച്ചിരുന്നു. മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റമാണ്. പിന്നില്‍ ഗൂഢാലോചനയുണ്ട്. അങ്ങനെ ചെയ്ത പ്രതികള്‍ക്ക് ഏറ്റവും ചെറിയ ശിക്ഷ നല്‍കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. 20 വര്‍ഷം തടവ് എന്ന് പറഞ്ഞാല്‍ 20 വര്‍ഷത്തിന് മുകളില്‍ എത്ര വര്‍ഷത്തേക്ക് വേണമെങ്കിലും കോടതിക്ക് ശിക്ഷവിധിക്കാന്‍ സാധിക്കും. വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ല,' പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ സെന്‍സേഷനായ കേസാണിതെന്നും കോടതി സെന്‍സെഷന്‍ എന്ന നിലയ്ക്കല്ല വിധി പറയുന്നതെന്നും ജഡ്ജി വിധി പറയുന്നതിന് മുന്‍പായി പറഞ്ഞു. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലീം എന്ന വടിവാള്‍ സലീം, പ്രദീപ് എന്നീ ആറ് പ്രതികള്‍ക്കുള്ള ശിക്ഷാവിധിയാണ് എറണാകുളം സെഷന്‍സ് കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
ഇത് സ്ത്രീയുടെ അന്തസിനെ ഹനിച്ച കേസായിരുന്നെന്നും, അതിജീവിതയെ മാനസിക ആഘാതത്തിലേക്ക് തള്ളിയിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രതികള്‍ക്കും പ്രായം 40 വയസിനു താഴെയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമാണ്. ഇരയുടെ സുരക്ഷ മാനിച്ച് അത് സൂക്ഷിക്കണംമെന്നും കോടതി നിര്‍ദേശിച്ചു.
ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് 376 ഡി വകുപ്പ് പ്രകാരമാണ് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. നേരത്തെ തടവില്‍ കിടന്ന കാലപരിധി ശിക്ഷയില്‍ ഇളവ് ചെയ്യും. ഇതനുസരിച്ച് പള്‍സര്‍ സുനി ആദ്യം ജയില്‍ മോചിതനാകും. എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍, പന്ത്രണ്ടര വര്‍ഷം മാത്രം തടവായിരിക്കും പള്‍സര്‍ സുനിക്ക് ലഭിക്കുക.