

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. എറണാകുളം സെഷന്‍സ് കോടതിയില്‍ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. വൈകിട്ട് 3.30 നാണ് ശിക്ഷ വിധിക്കുക.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നീണ്ട വാദമായിരുന്നു കോടതിയില്‍ ഇന്ന് നടന്നത്. 11.30 ന് തുടങ്ങിയ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റയും വാദം അവസാനിക്കുമ്പോള്‍ ഒരു മണിയോടെയടുത്തു.
ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ആറ് പ്രതികള്‍.
ഒന്നാം പ്രതി പള്‍സര്‍ സുനി മാത്രമാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് കോടതി പറഞ്ഞു. മറ്റ് പ്രതികളുടെ സഹായത്തോടെയാണ് ഒന്നാം പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു. ഗൂഢാലോചനയില്‍ മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാണെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും ഒളിഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
വാദത്തിനിടയില്‍ പ്രതികളില്‍ പലരും പൊട്ടിക്കരയുകയും ശിക്ഷാ ഇളവ് വേണമെന്നും കോടതിയോട് അപേക്ഷിച്ചു. ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയാണ്. മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല. സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ വിധിക്കെതിരെയുണ്ടായ വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് കോടതി ആരംഭിച്ചത്. ജഡ്ജിയായ ഹണി എം. വര്‍ഗീസിന്റെ ഭൂതകാലം ചികഞ്ഞോളൂ, പക്ഷേ, കോടതിയെ പറഞ്ഞാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ജഡ്ജി താക്കീത് നല്‍കി.
ഹീന കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ട്. എല്ലാ പ്രതികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഓരോ പ്രതികളുടെയും പങ്ക് പരിഗണിച്ച ശേഷമാണ് ശിക്ഷ, ഓരോ കുറ്റവും വ്യത്യസ്തമാണെന്ന് കോടതി പറഞ്ഞു.
വിധി 3.30ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ച കോടതി, ഉത്തരവ് വായിക്കണമെന്നും വായിച്ച ശേഷമേ അഭിപ്രായം പറയാവൂ എന്നും പറഞ്ഞു. അതില്‍ എല്ലാ കാര്യങ്ങളും ഉണ്ട്. കേസ് ആരംഭിച്ചതു മുതല്‍ അനാവശ്യകാര്യങ്ങള്‍ കോടതിക്ക് പുറത്തും അകത്തും ചിലര്‍ ഉന്നയിച്ചു. ഇനിയത് ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.