നടിയെ അക്രമിച്ച കേസ്; അന്തിമ വിധി കാത്ത് കേരളം

നടിയെ അക്രമിച്ച കേസിൽ അന്തിമ വിധി തിങ്കളാഴ്ച അറിയാം.
actress assault case
Published on
Updated on

കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിൽ അന്തിമ വിധി തിങ്കളാഴ്ച അറിയാം. പ്രേക്ഷകർ ജനപ്രിയ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച ദിലീപ് പ്രതി ചേർക്കപ്പെട്ടതോടെയാണ് നടിയെ ആക്രമിച്ച കേസ് കൂടുതൽ ചർച്ചയായത്. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കേസിൽ ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഒന്നാം പ്രതി പൾസർ സുനിയും സംഘവും വാഹനാപകടം സൃഷ്ടിച്ച് നടിയുടെ കാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇടപ്പള്ളി, കാക്കനാട് ഭാഗത്തേക്ക്, വാഹനം വഴി തിരിച്ചുവിടുകയും ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഏപ്രിൽ 18 ന് തന്നെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. 2013 ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയതെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം.

actress assault case
നടിയെ ആക്രമിച്ച കേസ്: "പൾസർ സുനിക്കെതിരായ മൊഴിയിൽ ഉറച്ചുനിൽക്കുന്നു"; കൂറുമാറാതെ മുകേഷ് എംഎൽഎ

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ സിനിമാ പ്രവർത്തകർ സംഘടിപ്പിച്ച കൂട്ടായ്മയിൽ നടിയും ദിലീപിൻ്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ നടത്തിയ ഗൂഢാലോചനാ പരാമർശത്തിലാണ് കേസന്വേഷണത്തിൻ്റെ ദിശമാറുന്നത്. ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച് കേസിൻ്റെ ഭാഗമാക്കാതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നൽകി. 2017 ജൂൺ 28 ന് ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു. ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി പൊലീസ് കണ്ടെത്തി. ഇതോടെ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി.85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ചതോടെ ദിലീപ് പുറത്തിറങ്ങി.

actress assault case
ജനപ്രിയ നായകന്‍ എട്ടാം പ്രതി, 28 സാക്ഷികള്‍ കൂറുമാറി; നടിയെ ആക്രമിച്ച കേസ് നാള്‍വഴി

ജൂലൈ 11 ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഒക്ടോബർ മൂന്നിനാണ് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിക്കുന്നത്. തന്നേയും മറ്റൊരു നടിയേയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചു എന്ന് ദിലീപ് സംശയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ഇവർക്കിടയിലെ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചു. ഇതോടെ ആദ്യ വിവാഹബന്ധം തകർന്നു.

2013 ൽ 'അമ്മ' റിഹേഴ്സൽ ക്യാമ്പിൽ നടിയെ അതിജീവിത അപമാനിച്ചു. ദിലീപ് തുടർന്ന് ഭീഷണി മുഴക്കുകയും അതിജീവിതയുടെ കരിയർ തകർക്കാൻ പല മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അതിജീവിതയെ മാനസികമായി തളർത്താനും അപമാനിക്കാനും ഒന്നാം പ്രതിയുമായി ഗൂഢാലോചന നടത്തി.നടിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിർദേശിച്ചു. ഒന്നരക്കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷൻ നൽകിയത്.

actress assault case
രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റിന് വിലക്കില്ല; കേസ് തിങ്കളാഴ്ച പരിഗണിക്കും

ഒരു വർഷത്തിന് ശേഷം 2018 മാർച്ച് 8 ന് കേസിലെ വിചാരണ നടപടികൾക്ക് തുടക്കമായി. 2020 ജനുവരി 6 ന് പൾസർ സുനി, നടൻ ദിലീപ്, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നീ പ്രതികൾക്കെതിരെ വിചാരണയുടെ ഭാഗമായി കുറ്റം ചുമത്തി. 2020 ജനുവരി 30 - സാക്ഷിവിസ്താരം ആരംഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിചാരണ നടത്തിയത്.

വിചാരണാ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത രംഗത്തെത്തിയെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. ഇതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം നടത്തി. ദിലീപിൻ്റെ സുഹ്യത്ത് ശരത്തിനെയും കേസിൽ പ്രതി ചേർത്തു. തുടരന്വേഷണത്തിനായി നിർത്തിവച്ച വിചാരണ 2022 നവംബറിൽ പുനരാരംഭിച്ചു. 2024 ഡിസംബർ 11- കേസിൽ അന്തിമവാദം ആരംഭിച്ചു. വിചാരണ പൂർത്തിയാക്കി 2025 നവംബർ 25 ന് കോടതി കേസ് വിധി പറയാൻ മാറ്റി. ഡിസംബർ 8ന് കേസിൽ അന്തിമവിധി വരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com