കൊച്ചി: നടിയെ അക്രമിച്ച കേസിൽ കൂറുമാറാതെ എം. മുകേഷ് എംഎൽഎ. കേസിലെ 46-ാം സാക്ഷിയാണ് മുകേഷ്. പൾസർ സുനി മുൻ ഡ്രൈവറായതിനാലാണ് മുകേഷിനെ സാക്ഷിയാക്കിയത്. പൾസർ സുനി പ്രശ്നക്കാരനെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴി നൽകിയത്. ഈ വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മുകേഷ്.
കേസിൽ താരങ്ങൾ ഉൾപെടെ 28 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. ഇതിൽ താരങ്ങളായ സിദ്ദീഖ്, ഭാമ, ബിന്ദു പണിക്കർ, ഇടവേള ബാബു എന്നിവർ ഉൾപ്പെടുന്നു. അതിജീവിത ദിലീപിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നായിരുന്നു താരങ്ങളുടെ ആദ്യമൊഴി. എന്നാൽ ഇവർ പിന്നീട് കോടതിയിൽ മൊഴി മാറ്റി പറഞ്ഞു. കൂറുമാറിയവരിൽ കാവ്യയടക്കം എട്ടുപേർ ദിലീപിൻ്റെ കുടുംബാംഗങ്ങൾ തന്നെയാണെന്നതും പ്രസക്തമാണ്.
നടിയെ ആക്രമിച്ച കേസ് കൂടുതൽ ചർച്ചയായത് പ്രേക്ഷകർ ജനപ്രിയ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച ദിലീപ് പ്രതിചേർക്കപ്പെട്ടതോടെയാണ് . കൂട്ടബലാത്സംഗം,ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ , ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ദിലീപിനെതിരെയും ചുമത്തിയിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ സിനിമാ പ്രവർത്തകർ സംഘടിപ്പിച്ച കൂട്ടായ്മയിൽ നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ നടത്തിയ ഗൂഢാലോചനാ പരാമർശത്തിലാണ് കേസന്വേഷണത്തിന്റെ ദിശമാറുന്നത്. ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനിടെ വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച് കേസിന്റെ ഭാഗമാക്കാതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നൽകി.
2017 ജൂൺ 28ന് ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു. ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി പോലീസ് കണ്ടെത്തി . ഇതോടെ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. ജൂലൈ 11 ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഒക്ടോബർ മൂന്നിനാണ് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിക്കുന്നത്.
തന്നേയും മറ്റൊരു നടിയേയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചു എന്ന് ദിലീപ് സംശയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചു. ഇതോടെ ആദ്യ വിവാഹബന്ധം തകർന്നു.
2013 ൽ 'അമ്മ' റിഹേഴ്സൽ ക്യാമ്പിൽ നടിയെ അതിജീവിത അപമാനിച്ചു. ദിലീപ് തുടർന്ന് ഭീഷണി മുഴക്കുകയും അതിജീവിതയുടെ കരിയർ തകർക്കാൻ പല മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അതിജീവിതയെ മാനസികമായി തളർത്താനും അപമാനിക്കാനും ഒന്നാം പ്രതിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിർദേശിച്ചു. ഒന്നരക്കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. 2013 ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.