
കോഴിക്കോട്: എൽഡിഎഫും യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യവും ഒപ്പത്തിനൊപ്പം നിൽക്കുന്ന കോഴിക്കോട് മുക്കം നഗരസഭയിൽ ഇത്തവണ പോരാട്ടം കനക്കും. നഗരസഭയിൽ ഭരണം നിലനിർത്തുമെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോൾ, വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ വിമർശിക്കുന്ന എല്‍ഡിഎഫ്, 2015ൽ സഖ്യം ഉണ്ടാക്കിയത് നാട്ടുകാർ മറന്നിട്ടില്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നു.
33 വാർഡുകളുള്ള നഗരസഭയിൽ എല്‍ഡിഎഫിനും യുഡിഎഫ്-വെൽഫെയർ പാർട്ടി സഖ്യത്തിനും 15 വീതം അംഗങ്ങളാണുള്ളത്. സിപിഐഎം- 15, കോൺഗ്രസ് - 4, മുസ്ലീം ലീഗ് - 8, വെൽഫെയർ പാർടി - 3 എന്നിങ്ങനെയാണ് കക്ഷി നില.ബിജെപിക്ക് രണ്ട് പേരും ലീഗ് വിമതനായ ഒരു സ്വതന്ത്ര അംഗവും ഉണ്ട്.
സ്വതന്ത്രന്റെ പിന്തുണയിലായിരുന്നു എല്‍ഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്. എന്നാൽ ബെവ്കോയുടെ മദ്യവിൽപ്പന കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട എതിർപ്പിനെ തുടർന്ന് സ്വതന്ത്ര അംഗം എല്‍ഡിഎഫിനുള്ള പിന്തുണ പിൻവലിച്ചു. പിന്നീട് യുഡിഎഫ് , ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നെങ്കിലും പരാജയപ്പെട്ടു. വെൽഫെയർ പാർട്ടിയുമായുളള യുഡിഎഫ് സഖ്യത്തെ എല്‍ഡിഎഫ് വിമർശിക്കുമ്പോൾ, ഇടത് മുന്നണിക്ക് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടെന്നാണ് ഐക്യജനാധിപത്യ മുന്നണിയുടെ ആരോപണം. ഭരണം നിലനിർത്തുമെന്നാണ് സിപിഐഎം അവകാശവാദം .
നഗരസഭ നിലവിൽ വന്ന 2015ൽ എല്‍ഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിൽ സഖ്യം ഉണ്ടായിരുന്നതായി യുഡിഎഫ് ആരോപിക്കുന്നു. 2020ലാണ് വെൽഫെയർ പാർടി യുഡിഎഫിനെ പിന്തുണച്ചതെന്നും, അത് ഇനിയും തുടരുമെന്നും യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കുന്നു.