തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയത്തിനായി തൃശൂരിൽ സമുദായ സമവാക്യങ്ങൾ കൂട്ടിക്കിഴിച്ച് മുന്നണികൾ. ജില്ലയിലെ 13 മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കാൻ ചില സമുദായ വോട്ടുകൾക്ക് സാധിക്കും. പരമാവധി സീറ്റുകൾ നേടാൻ യുഡിഎഫും എൽഡിഎഫും ശ്രമിക്കുമ്പോൾ ജില്ലയിലെ സമുദായങ്ങളെ പിണക്കാതിരിക്കാനുള്ള നീക്കങ്ങളും മുന്നണികൾ സജീവമാക്കുകയാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണ് സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിനുള്ളത്. കാലത്തിനും കാലാവസ്ഥക്കും അനുസരിച്ച് തെരഞ്ഞെടുപ്പുകളിൽ മാറിമറിയുന്ന മണ്ഡലങ്ങൾ. വോട്ട് വിഹിതത്തിൽ ഹിന്ദു ഭൂരിപക്ഷമാണ് ജില്ലയിലെമ്പാടും. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമുദായ സമതുലനം അളന്ന് മുറിച്ച് തന്നെ തീരുമാനങ്ങൾ എടുക്കണമെന്ന സ്ഥിതിയിലാണ് മുന്നണികൾ.
13 മണ്ഡലങ്ങളിൽ ചാലക്കുടിയിലും ഒല്ലൂരിലും തൃശൂരിലും ഇരിങ്ങാലക്കുടയിലും വടക്കാഞ്ചേരിയിലുമാണ് ക്രൈസ്തവർ നിർണായക ശക്തികളായി മാറുന്നത്. ഗുരുവായൂർ , കൈപ്പമംഗലം, ചേലക്കര, കൊടുങ്ങല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ സ്വാധീനം മുസ്ലീം വോട്ടുകൾക്കാണ്.സവർണ -പിന്നാക്ക സമുദായങ്ങൾ ചില സ്ഥലങ്ങളിലെങ്കിലും ഘടകമാണ്.
എന്നാൽ ഈഴവ , നായർ സമുദായങ്ങളാണ് ഭൂരിഭാഗം മണ്ഡലങ്ങളിലും ഹിന്ദു വിഭാഗത്തിലെ ശക്തർ . ചേലക്കരയിലും കുന്നംകുളത്തും ഇരിഞ്ഞാലക്കുടയിലും ചാലക്കുടിയിലും ദളിത് വോട്ടുകളും നാട്ടിക, ഗുരുവായൂർ,കൈപ്പമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ ധീവരരും ജനവിധിയെ സ്വാധീനിക്കാൻ കരുത്തുള്ളവരാണ്.
പരമ്പരാഗത പാനൽ വോട്ടുകളെ ഒഴിവാക്കിയാൽ ജില്ലയിൽ എൽഡിഫിന്റെ അടിത്തറ ഇഴവ സമുദായം തന്നെ ആയിരുന്നു. എന്നാൽ ഇത്തവണ ഈഴവ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെടുമെന്നാഊണ് യുഡിഎഫും ബിജെപിയും കണക്കാക്കുന്നത്. ക്രൈസ്തവ, മുസ്ലീം വോട്ടുകൾ യുഡിഎഫിന് അനുകൂലമാകാൻ ഇടയുണ്ടെന്ന പൊതുവിലയിരുത്തലിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.
സവർണ്ണ ഹിന്ദു നായർ വോട്ടുകളെ പാനൽ വോട്ടുകളാക്കി മാറ്റാമെന്ന് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും ജില്ലയിൽ കരുതുന്നു. ഈ സാഹചര്യത്തിലാണ് പ്രഥമിക ധാരണയായെങ്കിലും ജാതി-മത സമവാക്യങ്ങൾ അളന്ന് തിട്ടപ്പെടുത്തിയ ശേഷം മാത്രം വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മുന്നണികൾ ഉറച്ച തീരുമാനമെടുത്തിരിക്കുന്നത്.