തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള സിമറ്റിലെ നിയമനങ്ങൾ നടത്തിയത് മാനദണ്ഡങ്ങൾ മറികടന്നെന്ന് കണ്ടെത്തൽ. ആരോഗ്യമന്ത്രി ചെയർപേഴ്സണായ സ്ഥാപനത്തിലാണ് സർവീസ് ചട്ടങ്ങളുടെ ലംഘനം. അനധികൃത നിയമനത്തിന്റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള 11 നഴ്സിങ് കോളേജുകളാണ് സിമറ്റിന് കീഴിലുള്ളത്. ഇവിടെയാണ് ഡയറക്ടർ നിയമനത്തിലെ ചട്ടങ്ങൾ മറികടന്ന് ആലപ്പുഴ ഗവൺമെൻ്റ് നേഴ്സിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറായിരുന്ന ആശ എസ് കുമാറിനെ നിയമിച്ചത്.
അഡ്മിനിസ്ട്രേഷൻ മേഖലയിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണമെന്ന നിബന്ധന കാറ്റിൽ പറത്തിയായിരുന്നു നിയമനം. 2022ൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച ആശ എസ്. കുമാറിനെ തുടർന്നുള്ള ഓരോ വർഷവും ഉത്തരവ് പുതുക്കിയാണ് അതേ കസേരയിൽ ഇരുത്തിയത്. 2023ൽ സ്പെഷ്യൽ റൂൾസ് നിലവിൽ വന്നെങ്കിലും ഡയറക്ടർ നിയമനത്തിൽ മാത്രം മാറ്റം വരുത്തിയില്ല.
ഒഴിവ് വരുന്ന തസ്തികകളിൽ അറിയിപ്പും സെർച്ച് കമ്മിറ്റിയുടെ പരിശോധനയും പൂർത്തിയാക്കി നിയമനങ്ങൾ നടത്തുമ്പോഴാണ് തലപ്പത്തെ നിയമനങ്ങളിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുന്നത്