കീഴറ വയലിലെ അരുംകൊല: 14 വർഷത്തെ നിയമപോരാട്ടം, 17 മാസം നീണ്ട വിചാരണ: ഒടുവിൽ നിർണ്ണായക വിധി; കൊലപാതക ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ സിബിഐ

2012 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് അരിയിൽ പ്രദേശത്ത് വെച്ച് അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എയും സഞ്ചരിച്ച വാഹനത്തിന് നേരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു.
Ariyil Shukoor Murder Case Verdict: P Jayarajan, TV Rajesh Acquitted; 11 Found Guilty By CBI Court
Ariyil Shukoor Murder Case Verdict: P Jayarajan, TV Rajesh Acquitted; 11 Found Guilty By CBI CourtNews Malayalam 24x7
Published on: 
Updated on: 

കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ നിർണ്ണായക വിധി പ്രസ്താവിച്ച് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി. 17 മാസം നീണ്ട വിചാരണയ്ക്ക് ശേഷം നവംബർ 19-നാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പി. പവിത്രൻ എന്നിവരുൾപ്പെടെ 11 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അതേസമയം, കേസിലെ 32-ാം പ്രതിയായ സി.പി.എം നേതാവ് പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ് എന്നിവരുൾപ്പെടെ ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.

2012 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് അരിയിൽ പ്രദേശത്ത് വെച്ച് അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എയും സഞ്ചരിച്ച വാഹനത്തിന് നേരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി അന്നുതന്നെ ഉച്ചയ്ക്ക് ശേഷം കീഴറയിലെ ഒരു വയലിൽ വെച്ച് എം.എസ്.എഫ് പ്രവർത്തകനായ ഇരുപത്തിയൊന്നുകാരന്‍ അരിയിൽ അബ്ദുൽ ഷുക്കൂറിനെ അക്രമിസംഘം തടഞ്ഞുവെക്കുകയും മൊബൈൽ ഫോണിൽ ഫോട്ടോ കാണിച്ച് ആളെ ഉറപ്പുവരുത്തിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന സക്കരിയയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Ariyil Shukoor Murder Case Verdict: P Jayarajan, TV Rajesh Acquitted; 11 Found Guilty By CBI Court
അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും കുറ്റവിമുക്തർ

തുടർന്ന് മാർച്ച് 22-ന് എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാൻ വാടി രവിയുടെ മകൻ ബിജുമോൻ എന്നിവരടക്കം 18 പേരെ ഉൾപ്പെടുത്തി പോലീസ് ആദ്യ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. മാർച്ച് 29-ന് 12-ാം പ്രതി ബിജുമോൻ ഉൾപ്പെടെയുള്ളവർ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കീഴടങ്ങി. മെയ് മാസത്തിൽ ലോക്കൽ സെക്രട്ടറി യു.വി. വേണു, ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന രണ്ടാം പ്രതി ഗണേശൻ, എട്ടാം പ്രതി ലതീഷ് എന്നിവർ അറസ്റ്റിലായി. ജൂൺ രണ്ടിന് ഷുക്കൂറിനെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി 16-ാം പ്രതി സജിത്തിന്റെ ബൈക്കിന്റെ ടൂൾ ബോക്സിൽ നിന്നും, ജൂൺ എട്ടിന് സക്കരിയയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കീഴറയ്ക്കടുത്തുള്ള ചേരയിലെ കുറ്റിക്കാട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. ഒന്നാം പ്രതി കെ.വി. സുമേഷാണ് കത്തി സജിത്തിന് കൈമാറിയതെന്നായിരുന്നു അന്വേഷണ കണ്ടെത്തൽ.

ജൂൺ 9-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പി. ജയരാജനും ടി.വി. രാജേഷിനും നോട്ടീസ് നൽകുകയും തുടർന്ന് ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് 1-ന് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കണ്ണൂരിൽ വ്യാപകമായ പ്രതിഷേധവും അക്രമസംഭവങ്ങളുമുണ്ടായി. ഓഗസ്റ്റ് 7-ന് പി. ജയരാജന്റെ ജാമ്യാപേക്ഷയും ടി.വി. രാജേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയതോടെ രാജേഷ് കോടതിയിൽ കീഴടങ്ങി. പിന്നീട് ഓഗസ്റ്റ് 27-ന് ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനിടെ, ഒക്ടോബർ 7-ന് കേസിലെ 20-ാം പ്രതിയായിരുന്ന മൊറാഴ സ്വദേശി അച്ചാലി സരീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ജീവനൊടുക്കിയിരുന്നു.

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് നടത്തിയ നിയമപോരാട്ടവും ഏറെ ശ്രദ്ധേയമായിരുന്നു. 2013 ഡിസംബർ 10-ന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടെങ്കിലും ഏജൻസി അന്വേഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും 2016 ഫെബ്രുവരി 8-ന് ജസ്റ്റിസ് കമാൽപാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 2016 ഏപ്രിൽ 4-ന് സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഇടക്കാലത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും 2017-ൽ സ്റ്റേ നീക്കി അന്വേഷണം തുടരാൻ അനുമതി നൽകി. പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തിന് സ്റ്റേ ലഭിച്ചില്ല.

2019 ഫെബ്രുവരി 11-ന് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സി.ബി.ഐയുടെ പ്രധാന കണ്ടെത്തൽ. 2020-ൽ കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റി.

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജനും ടി.വി. രാജേഷും നൽകിയ ഹർജി 2024 സെപ്റ്റംബർ 19-ന് കോടതി തള്ളുകയും ഒക്ടോബർ 18-ന് പ്രതികൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. തുടർന്ന് 2025 മെയ് 5-ന് ആരംഭിച്ച വിചാരണയ്ക്കിടയില്‍ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ സാക്ഷികൾ മൊഴി നൽകിയിരുന്നില്ല. വിചാരണയ്ക്ക് ഹാജരാകണമെന്ന് കാട്ടി കോടതി സമൻസ് അയച്ചെങ്കിലും പല സാക്ഷികളും ഹാജരായില്ല.

പ്രോസിക്യൂഷന് വേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം. നവാസും, കെ.പത്മനാഭനും ഹാജരായി. പ്രതി ഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.രാമൻ പിള്ളയാണ് വാദം നടത്തിയത്. ഒടുവില്‍ വിധി വന്നപ്പോള്‍ ഇപ്പോൾ 11 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിക്കൊണ്ടും സി.പി.എം നേതാക്കളെ കുറ്റവിമുക്തരാക്കിക്കൊണ്ടുമുള്ള വിധി വന്നിരിക്കുന്നത്.

Ariyil Shukoor Murder Case Verdict: P Jayarajan, TV Rajesh Acquitted; 11 Found Guilty By CBI Court
പി.ജയരാജനും ടി.വി. രാജേഷിനുമെതിരെ സാക്ഷി മൊഴികളില്ല; അരിയിൽ ഷുക്കൂർ വധകേസിൽ വിസ്താരം പൂർത്തിയായി