തിരുവനന്തപുരം: ആര്യനാട് ആസിഡ് കുടിച്ച് കോൺഗ്രസ് പഞ്ചായത്തംഗം ശ്രീജ ജീവനൊടുക്കിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൃതശരീരവുമായി ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് വിജു മോഹൻ, ഷിജി കേശവൻ (മുൻ വാർഡ് മെമ്പർ), മഹേഷ് (ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി മെമ്പർ), സിഡി എസ് ചെയർ പേഴ്സൺ സുനിത എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ശ്രീജയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. കേസെടുക്കാമെന്ന് പൊലീസില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് മൃതശരീരവുമായി ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിച്ചു. ശ്രീജയുടെ മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിക്ക് സംസ്കരിക്കും.
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകത്തെ വാര്‍ഡ് മെമ്പര്‍ ശ്രീജ ജീവനൊടുക്കിയത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളുടെ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഭര്‍ത്താവ് ജയന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഭാര്യ കരച്ചിലായിരുന്നെന്നും റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത രീതിയില്‍ അവര്‍ അധിക്ഷേപിച്ചുവെന്നുമാണ് ജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ന് രാവിലെയാണ് ശ്രീജയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആസിഡ് കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന് പുറത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീജയുടെ മരണത്തിന് പിന്നില്‍ സിപിഐഎം നേതാക്കളാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം പ്രതിഷേധയോഗം അടക്കം വിളിച്ച് ശ്രീജയെ അപമാനിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സിപിഐഎം നേതാക്കളാണ് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)