പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജിനെതിരെ പുതുമുഖത്തെ പരീക്ഷിക്കാൻ കോൺഗ്രസിൽ ആലോചന. അബിൻ വർക്കിക്കാണ് സാധ്യതാ പട്ടികയിൽ മുൻതൂക്കം. ജില്ലയിൽ നിന്നുള്ള പുതുമുഖത്തെ പരിഗണിച്ചാൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ സ്ഥാനാർഥിയാകും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലുണ്ട്.
ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് തന്നെ മത്സരിക്കുമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. കേരളത്തിൻ്റെയും മലയാളികളുടെയും അഭിമാനമാണ് വീണാ ജോർജ്. ഭരണത്തിൽ എത്തിയാൽ വീണ്ടും ആരോഗ്യ വകുപ്പ് തന്നെ കൈകാര്യം ചെയ്തേക്കും. അല്ല മറ്റെതെങ്കിലും വകുപ്പ് ആണെങ്കിലും വീണാ ജോർജ് ഭംഗിയായി നിർവഹിക്കുമെന്നും രാജു എബ്രഹാം പറഞ്ഞിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിതോടെ കേരളം ലോകത്തിൻ്റെ നെറുകൈയിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.