

കൊല്ലം: കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിനാണ്. നഷ്ടപരിഹാരം ലഭ്യമാക്കാൻ വനം വകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
രേഖകൾ വനം വകുപ്പ് തന്നെ തയ്യാറാക്കും. അതിരപ്പിള്ളിയിൽ ഫെൻസിങ് മറികടന്നാണ് കാട്ടാന എത്തിയത്. വന്യജീവി ആക്രമണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ ദീർഘകാല പരിഹാരമാർഗമാണ് നോക്കുന്നതെന്നും ഷിബുബേബി ജോൺ പറഞ്ഞു.
കാട്ടാന ആക്രമണം ചർച്ച ചെയ്യാൻ ചാലക്കുടിയിൽ തിങ്കളാഴ്ച രാവിലെ യോഗം ചേരും. അവലോകന റിപ്പോർട്ട് എടുത്തതിനുശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ കൃഷി മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ യോഗത്തിൽ പങ്കെടുക്കുമെന്നും ഷിബുബേബി ജോൺ പറഞ്ഞു.
അതിരപ്പിള്ളിയിൽ ഇന്ന് പുലർച്ചെയാണ് വൈശേരി സ്വദേശിയെ കാട്ടാന ആക്രമിച്ചത്. വീട്ടുപറമ്പിലെ കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. മോഹനന് നേരെ പാഞ്ഞടുത്ത ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.