തിരുവനന്തപുരം: സി. കൃഷ്ണ കുമാറിനെതിരായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി പരാതിക്കാരി. ബിജെപി അധ്യക്ഷനയച്ച പരാതി ചോർത്തിയത് താനല്ലെന്നും അദ്ദേഹത്തിന് നെല്ലും പതിരും ബോധ്യപ്പെടുമെന്നാണ് വിശ്വാസമെന്നും പരാതിക്കാരി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
"പരാതി നൽകുന്ന സമയത്ത് നിയമപരമായ പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു. ആദ്യ കാലത്ത് ഒരു അഭിഭാഷകൻ പോലും ഇല്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം മൂലം പലരും ഒഴിഞ്ഞുമാറി. പത്രസമ്മേളനത്തിൽ ഏത് കേസിലെ വിധിയാണെന്ന് പോലും ക്യഷ്ണ കുമാറിന് ക്യത്യമായി പറയാൻ കഴിഞ്ഞിട്ടില്ല," പരാതിക്കാരി വിമർശിച്ചു.
"എന്നെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതും നൂറുകണക്കിന് ആളുകൾ കണ്ടതാണ്. ഇന്നത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ചികിത്സയ്ക്ക് പണം നൽകിയത്. പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ല. 11 വർഷം കഴിഞ്ഞ് ബിജെപി അധ്യക്ഷന് പരാതി നൽകാൻ കാരണമുണ്ട്. പുതിയ അധ്യക്ഷൻ കാര്യങ്ങൾ അറിയണം," പരാതിക്കാരി പറഞ്ഞു.
കൃഷ്ണ കുമാറിന് സ്ത്രീ സുരക്ഷയെ പറ്റി പറയാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്നും പരാതിക്കാരി ചോദിച്ചു. "തന്റെ ജീവന് അപായം സംഭവിച്ചാൽ ഉത്തരവാദി കൃഷ്ണകുമാർ മാത്രമാണ്. സ്ത്രീ സുരക്ഷയെ കുറിച്ച് പറയാൻ കൃഷ്ണകുമാറിന് യോഗ്യതയില്ല. ബിജെപി നേതാക്കളോട് എല്ലാം തുറന്നുപറഞ്ഞു. ദയവ് ചെയ്ത് ശോഭാ സുരേന്ദ്രൻ തനിക്ക് നീതി ലഭിക്കാൻ വേണ്ടി ശബ്ദമുയർത്തണം. മുൻ സംസ്ഥാന അധ്യക്ഷൻമാരായിരുന്ന വി. മുരളീധരനും കെ. സുരേന്ദ്രനും കൃഷ്ണകുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു," പരാതിക്കാരി വിശദീകരിച്ചു.