തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വിവാദ പരാമർശം നടത്തിയ കെ.എം. ഷാജഹാനെതിരെ കേസ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പൊലീസ് സേനയ്ക്കും പങ്കുണ്ടെന്ന പ്രസ്താവന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. യൂട്യൂബ് ചാനലിലൂടെയായായിരുന്നു കെ.എം. ഷാജഹാൻ്റെ വിവാദ പരാമർശം.
ശബരിമല ചീഫ് കോർഡിനേറ്റർ കൂടിയായ എസ്. ശ്രീജിത്ത് ഐപിഎസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ പൊലീസ് സേനയ്ക്കും പങ്കുണ്ടെന്നായിരുന്നു ഷാജഹാൻ്റെ പ്രസ്താവന.
ശ്രീജിത്ത് ഐപിഎസിനോടും പൊലീസ് സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവഞ്ജയും തോന്നിപ്പിക്കുന്ന തരത്തിലാണ് കെ.എം. ഷാജഹാൻ്റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ പറയുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പ്രസ്താവനയെന്നും എഫ്ഐആറിലുണ്ട്.
പ്രതിപക്ഷം എന്ന യൂട്യൂബ് ചാനലിലൂടെ 2025 ഒക്ടോബർ 22 മുതൽ 2025 നവംബർ 23 വരെയുള്ള ദിവസങ്ങളിൽ ശബരിമല ചീഫ് കോർഡിനേറ്റായ എസ്. ശ്രീജിത്തിനും പൊലീസ് സേനക്കും ശബരിമല സ്വർണക്കൊള്ളയിൽ ള്ളയിൽ പങ്കുണ്ടെന്ന കളവായ പ്രസ്താവന നടത്തി, മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്ന തരത്തിലുള്ള പ്രസ്ഥാവനകൾ ഉൾപ്പെട്ട വീഡിയോകൾ പ്രചരിപ്പിച്ചു എന്നിങ്ങനെയും എഫ്ഐആറിൽ പരാമർശമുണ്ട്.