

തിരുവനന്തപുരം: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കാതെ, സൈക്കിളില്‍ സഞ്ചരിച്ച് വോട്ട് തേടിയ ചാണ്ടി ഉമ്മനാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ യഥാര്‍ത്ഥ ഹീറോയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷനും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച 'പാഴ്‌വസ്തുക്കളില്‍ നിന്നും മാതൃകാ പൂന്തോട്ടം' പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മ നമ്മളെ പരിചരിക്കുന്നത് പോലെ ദൈവം നമ്മള്‍ക്കായി കരുതിയതാണ് ഈ ഭൂമിയെന്ന് മന്ത്രി പറഞ്ഞു. "എല്ലാം മായമാണെന്ന് പറയാറുണ്ട്. പക്ഷെ, നമ്മുടെ അമ്മയെപ്പോലെ മായമില്ലാത്ത ഭൂമിയാണ് നമുക്ക് വേണ്ടത്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പാരിസ്ഥിതിക അവബോധം മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്‌സുകള്‍ ഒഴിവാക്കി സൈക്കിളില്‍ യാത്ര ചെയ്ത് വോട്ട് തേടിയ ചാണ്ടി ഉമ്മന്‍ വലിയൊരു സന്ദേശം സമൂഹത്തിന് നല്‍കിയതെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പിലെ ഹീറോ ആയി കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ മേയര്‍ വി. വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച, പുനരുപയോഗയോഗ്യമായ പോളി എത്തിലീന്‍ ബോര്‍ഡുകള്‍ ശേഖരിച്ച് അതില്‍ നിന്ന് നിര്‍മ്മിച്ച ഗ്രോ ബാഗുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് സ്‌കൂളില്‍ മാതൃകാ പൂന്തോട്ടം സജ്ജമാക്കിയത്.
നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ക്ക് ശേഷം ശേഖരിക്കുന്ന ഫ്ലക്‌സുകള്‍ എങ്ങനെ ശരിയായി സംസ്‌കരിക്കാം എന്നത് വലിയൊരു ചോദ്യമാണെന്നും, അതിനുള്ള മികച്ച ഉത്തരമായാണ് ഈ പദ്ധതിയെ കാണുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ മേയര്‍ വി. വി. രാജേഷ് പറഞ്ഞു. പ്ലാസ്റ്റിക്ക് ഒന്നിനും ഉപയോഗമില്ലാത്തതായി മാറുന്നില്ലെന്നും അതിനെ ശാസ്ത്രീയമായി മാറ്റിയെടുത്താല്‍ മൂല്യവത്തായ മറ്റൊരു ഉല്‍പ്പന്നമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഈ പൂന്തോട്ടം നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ശുചിത്വ മിഷന്‍ ലക്ഷ്യമിടുന്നത്. പ്രചാരണ ബോര്‍ഡുകളിലും (ഫ്ലക്‌സ് ബോര്‍ഡുകള്‍) മറ്റും സാധാരണയായി ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാലിന്യവല്‍ക്കരണത്തിനും കാരണമാകുന്നതുമായ പോളിവിനൈല്‍ ക്ലോറൈഡ് ഷീറ്റുകള്‍ക്ക് പകരം പോളി എത്തിലീന്‍ ഷീറ്റുകള്‍ പ്രിൻ്റിങ്ങിനായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു. പുനരുപയോഗസാധ്യമല്ലാത്തതും നിര്‍മ്മാണം മുതല്‍ നശീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിഷലിപ്തമായ രാസവസ്തുക്കള്‍ പുറന്തള്ളുന്നതുമായ പി.വി.സി.യുടെ ഉപയോഗം ഇത്തരം ഹ്രസ്വകാല ആവശ്യങ്ങളില്‍ പരമാവധി കുറയ്ക്കുക എന്ന സന്ദേശമാണ് പ്രധാനമായും ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനമൊട്ടാകെ 1500-ലധികം പ്രിന്റിങ് യൂണിറ്റുകള്‍ വഴി പ്രതിവര്‍ഷം 17 കോടിയിലധികം പി.വി.സി നിര്‍മ്മിത ഫ്ലക്സ് മെറ്റീരിയലുകള്‍ പ്രചാരണ ബോര്‍ഡുകളായി പുറത്തിറങ്ങുകയും മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.
ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ് ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍, കെ.എസ്.ഡബ്ല്യു.എം.പി ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീകല, ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ ജി. കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിസ്ഥിതി മലിനീകരണം തടയുന്നതില്‍ റീസൈക്ലിങ് പൂന്തോട്ട മാതൃക സൃഷ്ടിക്കാന്‍ പ്രധാന പങ്കു വഹിച്ച വിവിധ കമ്പനികളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.