ചെറുവയൽ രാമൻ്റെ സംസ്കാരം ഉച്ചയ്ക്ക് കൊടുമയിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലേക്ക് ഒഴുകിയെത്തി കേരളക്കര

പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു അദ്ദേഹം. 45 ഇനം നെൽവിത്തുകൾ സംരക്ഷിച്ച് കൃഷി ചെയ്തു വന്നിരുന്നു.
ചെറുവയൽ രാമൻ
Published on: 
Updated on: 

വയനാട്: പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അദ്ദേഹത്തിൻ്റെ മൃതദേഹം പൊതുദർശനത്തിനായി കമ്മന നവോദയ സ്കൂളിലേക്ക് കൊണ്ടുപോയി. രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എൽ.പി. സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് വീട്ടിലേക്ക് തിരികെ എത്തിക്കും. രണ്ട് മണിക്ക് കൊടുമയിൽ കുറിച്യ സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ ചെറുവയൽ രാമൻ്റെ സംസ്കാരം നടക്കും.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 74ാം വയസിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ഇന്നലെ രാത്രിയോടെ തന്നെ അദ്ദേഹത്തിൻ്റെ മൃതശരീരം മാനന്തവാടി കമ്മനയിലെ വസതിയിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ടി.സിദ്ദീഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും മുൻ മന്ത്രിമാരായ പി. പ്രസാദ്, വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള ഇടത് നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലെത്തും.

ചെറുവയൽ രാമൻ
കലർപ്പില്ലാത്ത മനുഷ്യൻ; കാർഷിക രംഗത്ത് ഇന്ത്യയുടെ ശബ്ദ‌മായ വയനാടൻ ഗോത്രവർഗ കർഷകൻ

മുഖ്യമന്ത്രി വി.ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, വയനാട് എം.പി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ ചെറുവയൽ രാമൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തനത് കൃഷിരീതികളും പരമ്പരാഗത ജീവിതശൈലിയും ജീവിതത്തിൽ പകർത്തി മാതൃകയായ കർഷകനാണ് ചെറുവയൽ രാമൻ.

ആധുനികതയുടെ ആഡംബരങ്ങളോട് അകലം പാലിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിച്ച അദ്ദേഹം ഏവർക്കും പ്രചോദനമാണ്. പത്മശ്രീ അടക്കമുള്ള വലിയ അംഗീകാരങ്ങൾ തേടിയെത്തിയപ്പോഴും നെൽവിത്തുകളുടെ സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ വലിയ സമ്പത്ത്.

ചെറുവയൽ രാമൻ
വയനാടിൻ്റെ നെല്ലച്ഛൻ, പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
News Malayalam 24x7
newsmalayalam.com