ചിന്നക്കനാലിൽ കാട്ടാനശല്യം വർധിക്കാൻ കാരണം 301 ഉന്നതി സ്ഥാപിച്ചതിനാലെന്ന് നേതാക്കൾ; പ്രസ്താവനയിൽ പ്രതിഷേധിച്ച് നാട്ടുകാർ

ആനത്താരകൾ അടച്ച് ഭൂമി കൈയേറി റിസോർട്ടുകൾ നിർമിച്ച രാഷ്ട്രീയ നേതാക്കളെയാണ് ആദ്യം ഒഴിപ്പിക്കേണ്ടതെന്ന് ഉന്നതി നിവാസികൾ പറഞ്ഞു.
Chinnakanal
Published on
Updated on

ഇടുക്കി: ചിന്നക്കനാലിലെ വന്യജീവി ആക്രമണങ്ങൾക്ക് കാരണം 301 ഉന്നതിയാണെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾക്കെതിരെ ഗോത്രവിഭാഗ സമൂഹം രംഗത്ത്. ഗോത്രവിഭാഗ സമൂഹത്തെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഉന്നതി നിവാസികൾ വ്യക്തമാക്കി. ആനത്താരകൾ അടച്ച് ഭൂമി കൈയേറി റിസോർട്ടുകൾ നിർമിച്ച രാഷ്ട്രീയ നേതാക്കളെയാണ് ആദ്യം ഒഴിപ്പിക്കേണ്ടതെന്ന് 301 ഉന്നതി നിവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യു ചിന്നക്കനാലിലെ കാട്ടാന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്. 301 ഉന്നതി സ്ഥാപിച്ചതാണ് കാട്ടാനശല്യം വർദ്ധിക്കാൻ കാരണമെന്നും ഈ പ്രദേശം ആനത്താവളമാണെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വാദം.

Chinnakanal
ഭക്തജന തിരക്ക്; ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം

തൊട്ടുപിന്നാലെ ഡിസിസി പ്രസിഡൻ്റിന് പിന്തുണയുമായി പ്രാദേശിക സിപിഐഎം നേതാവ് വി.എക്സ്. ആൽബിനും രംഗത്തെത്തി. 301 ഉന്നതി ഒഴിപ്പിക്കണമെന്ന തരത്തിലുള്ള ഇരുവരുടെയും പ്രതികരണങ്ങൾക്കെതിരെയാണ് ഇപ്പോൾ ഉന്നതി നിവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സർക്കാർ തങ്ങളെ ഔദ്യോഗികമായി കുടിയിരുത്തിയതാണെന്നും, നേതാക്കന്മാർ ഒഴിപ്പിക്കൽ മോഹവുമായി മല ചവിട്ടേണ്ടെന്നും 301 ഉന്നതിയിലെ ആദിവാസി സമൂഹം പറയുന്നു.

301 ഉന്നതി ഒഴിപ്പിക്കണമെന്ന് മുറവിളി കൂട്ടുന്നവർ പ്രദേശത്തെ യഥാർഥ കൈയേറ്റക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. സർക്കാർ ഭൂമി കൈയേറി, ആനത്താരകൾ പൂർണമായും തടസപ്പെടുത്തി വൻകിട റിസോർട്ടുകൾ നിർമിച്ചത് അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണെന്ന് ഇവർ പറയുന്നു. അവരെ തൊടാൻ ഭയക്കുന്നവരാണ് ഗോത്രവിഭാഗ സമൂഹത്തിൻ്റെ നിലനിൽപ്പ് ചോദ്യം ചെയ്യുന്നത് എന്നും ഇവർ പറഞ്ഞു.

Chinnakanal
യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്; ഔദ്യോഗിക ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍

കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് മാറ്റുകയും തങ്ങൾക്ക് കൃത്യമായ സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് അധികൃതർ ചെയ്യേണ്ടത്. മുൻപ് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി നൽകിയ ഉറപ്പുകൾ ഒന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുമായി എത്തുന്ന രാഷ്ട്രീയ നേതാക്കൾ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്നും ഇവർ ആരോപിക്കുന്നു. വൻകിട റിസോർട്ട് മാഫിയകളെ സംരക്ഷിക്കാൻ 301 ഉന്നതി നിവാസികളെ ബലികൊടുക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗോത്രവിഭാഗ ജനത.

News Malayalam 24x7
newsmalayalam.com