മേപ്പാടി വഴി ചൂരൽമല കടന്ന് മുണ്ടക്കൈയിലേക്ക്; ഒരു യാത്രയുടെ തുടർച്ച...

സമയം ഉച്ചയ്ക്ക് 1.45, കല്പറ്റ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ് സർവീസ് ആരംഭിച്ചു...
ചൂരല്‍മലയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്
ചൂരല്‍മലയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്Source: News Malayalam 24x7
Published on

വയനാട്: മുന്‍പ് കല്പറ്റയിൽ നിന്ന് മേപ്പാടി വഴി ചൂരൽമല കടന്ന് മുണ്ടക്കൈയിലേക്ക് മുടങ്ങാതെ കെഎസ്‌ആർടിസി സർവീസ് നടത്തിയിരുന്നു. ഓരോ ട്രിപ്പിലും ഉണ്ടായിരുന്നത് സ്ഥിര പരിചിതരായ യാത്രക്കാർ. മഹാദുരന്തം ഒരു നാടിനെ ഒന്നാകെ ഭൂപടത്തിൽ നിന്നും മായ്ച്ചുകളഞ്ഞ ആ കെട്ട രാത്രിക്കിപ്പുറം ചൂരൽമല വരെ മാത്രമേ ബസ് സർവീസ് നടത്തുന്നുള്ളൂ. വീണ്ടും ഒരു ജൂലൈ 30 അടുക്കുമ്പോൾ ഉള്ളുലഞ്ഞ് മനസ് നീറിയാണ് ഈ ജനത ഓരോ യാത്രയും പൂർത്തിയാക്കുന്നത്.

സമയം ഉച്ചയ്ക്ക് 1.45, കല്പറ്റ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ് സർവീസ് ആരംഭിച്ചു. മേപ്പാടിയിൽ നിന്നാണ് കൂടുതൽ ആളുകൾ കയറാനുള്ളത്. ചെറുതായി മഴ പൊടിയുന്നുണ്ട്. സ്ഥിര യാത്രക്കാരെ കണ്ടതോടെ ബസിന്റെ സാരഥി ഷിഹാബുദീന്‍ ഹോൺ നീട്ടിയടിച്ചു. എല്ലാവരും കയറി എന്നുറപ്പിച്ച കണ്ടക്ടർ ഇന്ദുലേഖ ബെല്ലടിച്ചു. ഒരു യാത്ര ആരംഭം.

കർഷകർ, കൂലിവേല ചെയ്യുന്നവർ, എസ്റ്റേറ്റ് തൊഴിലാളികൾ, വിദ്യാർഥികൾ എന്നിങ്ങനെ അതിസാധാരണക്കാരായ മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആനവണ്ടികൾ. ആർക്കൊക്കെ എവിടേക്കാണ് ടിക്കറ്റ് നൽകേണ്ടത്, എവിടെയെല്ലാം വണ്ടി നിർത്തണം, ഇതൊന്നും ചോദിക്കാതെ തന്നെ ചെയ്യാൻ പാകത്തിന് പരിചിതമായിരുന്നു ബസ് ജീവനക്കാർക്ക് ഓരോ യാത്രകളും യാത്രക്കാരും.

ചൂരല്‍മലയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്
ആള്‍ത്തിരക്കും ആരവവുമില്ല; ശ്മശാന മൂകതയില്‍ മഹാദുരന്തം കവര്‍ന്നെടുത്ത ചൂരല്‍മല അങ്ങാടി

ഇന്നിപ്പോൾ മുണ്ടക്കൈ എന്ന ബോർഡ്‌ ബസുകളിലില്ല. യാത്രക്കാരുടെ എണ്ണം പാടെ കുറഞ്ഞു. എന്നാല്‍ ഓരോ യാത്രയും മൺമറഞ്ഞുപോയ നാടിന്റെയും, ഉറ്റവരുടെയും ഓർമകളെ വീണ്ടും ഉണർത്തുന്നതാണ്.

മഴയുടെ ശക്തി ഒന്ന് കൂടിയതോടെ ചിലർ ആശങ്കയോടെ പുറത്തേക്ക് നോക്കി ഇരുന്നു. ആ ഇരുണ്ട ചൊവാഴ്ചയുടെ ഓർമകൾ ആയിരിക്കാം പലരുടെയും ഉള്ളില്‍. യാത്രക്കിടയിൽ നാളുകൾക്ക് ശേഷം നേരിൽ കണ്ടതിന്റെ സന്തോഷം പലരും പരസ്പരം പങ്കുവെച്ചു. ചിലർക്ക് ഈ യാത്ര നഷ്ടപ്പെട്ടുപോയ സുഹൃത്തുക്കളെക്കുറിച്ചുള്ള ഓർമ്മകളായി. ചിലർക്ക് പങ്കുവയ്ക്കാനുള്ളത് ഇപ്പോഴും ലഭിക്കാത്ത നഷ്ടപരിഹാരത്തെക്കുറിച്ചും തുടരുന്ന കാട്ടാന ശല്യത്തേക്കുറിച്ചുമുള്ള ആശങ്കകളാണ്.

ചൂരല്‍മലയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്
അതിജീവനത്തിൻ്റെ പ്രതീകം; ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ബെയ്‌‌ലി പാലം

അഞ്ച് വർഷത്തിൽ അധികമായി ഈ നാടിനോടും നാട്ടുകാരോടും ചേർന്ന് നിൽക്കുന്നതായിരുന്നു കെഎസ്ആർടിസി ഡ്രൈവർ ഷിഹാബുദീന്റെ ഓരോ ദിവസവും. ഒന്നര വർഷം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഈ നാടുമായി ഉണ്ടായ വലിയ ആത്മബന്ധന്റെ ഓർമകൾ പങ്കുവയ്ക്കാനുണ്ട് കണ്ടക്ടർ ഇന്ദുലേഖക്കും. അതിജീവനമെന്നാൽ പോരാളികളുടെ കഥകൾ മാത്രമല്ല, ജീവിക്കാൻ കൊതിക്കുന്ന ഓരോ മനുഷ്യന്റെയും ഇന്നിന്റെ നിമിഷങ്ങൾ കൂടിയാണ്. അവർ യാത്ര തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com