

ഡല്‍ഹിയില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ ജനപ്രതിനിധികൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടി പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണ്. ജനാധിപത്യ സംവിധാനത്തിൽ അത് അംഗീകരിക്കാനാവില്ല. എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല. ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
"ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ ജനപ്രതിനിധികൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടി പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണ്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് നിരത്തിൽ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും നിരവധി എം.പിമാർക്ക് നേരെ കയ്യേറ്റമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാവില്ല".
"വിദ്യാർഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല. എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല. രാഹുൽ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയർത്തുന്ന ശബ്ദം രാജ്യത്തിന്റെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യമാണ്" -വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആക്രമണത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അപലപിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ക്രൂരമായ അടിച്ചമര്‍ത്തലാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയുണ്ടായത്. കടുത്ത ജനാധിപത്യ ധ്വംസനവും ഫാസിസ്റ്റ് ഭീകരതയുമാണ് രാജ്യത്ത് നടമാടുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഇന്ത്യന്‍ യുവതയുടെ ഈ മുന്നേറ്റം മോദി-ബിജെപി സര്‍ക്കാരിന്റെ അവസാനം കുറിക്കുന്നതായിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രസ്‌താവനയില്‍ പറഞ്ഞു.