കോഴിക്കോട്: യുഡിഎഫ് മേയർ സ്ഥാനാർഥിയുടെ തോൽവിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് കമ്മീഷൻ റിപ്പോർട്ട്. കോഴിക്കോട് കോർപ്പറേഷനിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ തോൽവിയിലാണ് അന്വേഷണം നടത്തിയത്. തോൽവിക്ക് പിന്നിൽ സംഘടനാ വീഴ്ചയെന്ന് രണ്ടംഗ കമ്മീഷൻ.കോഴിക്കോട് ഡിസിസിക്ക് ഇന്നലെ കമ്മീഷൻ റിപ്പോർട് സമർപ്പിച്ചു.
കെപിസിസി പ്രവർത്തക സമിതിയംഗം നാണു മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. രാജേന്ദ്രൻ എന്നിവർ ഡിസിസിക്ക് നൽകിയ റിപ്പോർട്ടിലാണ് വീഴ്ചകൾ വ്യക്തമാക്കിയത്. നിയാസ് മത്സരിച്ച പാറോപ്പടി യുഡിഎഫിന് സ്വാധീനമുള്ള വാർഡായിരുന്നു. എന്നാൽ വാർഡ് പുനർവിഭജനത്തിൽ ആയിരത്തിലേറെ വോട്ടുകൾ സമീപ വാർഡിലേക്ക് മാറിയത് മനസിലാക്കാനായില്ല.
പുതിയ വോട്ടർമാരെ ചേർക്കാൻ മുന്നൊരുക്കം നടന്നില്ലെന്നും കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മറ്റി വേണ്ടത്ര പ്രവർത്തിച്ചില്ലെന്നും വിമർശനമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക വികാരം കണക്കിലെടുക്കാത്തതും തിരിച്ചടിയായി. കോൺഗ്രസ്- സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്നും കമ്മീഷൻ വിലയിരുത്തുന്നു.