വയനാട്: കേരളത്തിൽ അധികാരം പിടിക്കാൻ കർമ പദ്ധതിയുമായി കോൺഗ്രസ്. മിഷൻ 2026 ലക്ഷ്യമിട്ടുള്ള മാർഗരേഖ വയനാട്ടിൽ നടന്ന ലീഡേഴ്സ് മീറ്റിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീസൻ വിശദീകരിച്ചു. തുടർന്നുള്ള സംഘടനാ പരിപാടികൾ വ്യക്തമാക്കുന്ന പ്രവർത്തന കലണ്ടറും കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് മെഗാ പഞ്ചായത്ത്, ജനുവരി 19 ന് കൊച്ചിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന വിജയാഘോഷം എന്നിവ സംഘടിപ്പിക്കും.
ജനുവരി 10 ന് മുൻപ് ബൂത്ത് തല നിശാ ക്യാമ്പ് . മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ജനുവരി 13, 14 തിയ്യതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം.15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടേയും ബിഎൽഒമാരുടെയും പഞ്ചായത്തിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളുടേയും യോഗം. ജനുവരി 17 മുതൽ എസ്ഐആറുമായി ബന്ധപ്പെട്ട ഭവന സന്ദർശനങ്ങൾ എന്നിവ നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികളുടെ സമ്മേളനമായാണ് ജനുവരി 19ന് മെഗാ പഞ്ചായത്തിൽ നടക്കുക. ജനുവരി 23 ശബരിമല വിഷയത്തിൽ നിയമസഭാ മാർച്ച്, 13 ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച്. 24, 25 തീയതികളിൽ മണ്ഡലം തല നിശ ക്യാമ്പ്. ഫെബ്രുവരി 1 മുതൽ 9 ബൂത്ത് സമ്മേളനം ജനുവരി 23 കളക്ടറേററ്റുകൾ മുമ്പാകെ മാർച്ച്. ഫെബ്രുവരി 6 മുതൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര എന്നിവ സംഘടിപ്പിക്കും.
തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ശബരിമല സ്വർണക്കൊള്ളക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പാർട്ടി പുനഃസംഘടന ഇല്ല എന്നാൽ പാർട്ടിയിൽ ശാക്തീകരണം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക കുറ്റമറ്റതായിരിക്കണമെന്നും അതിനായി ജനങ്ങളുടെ പരിപൂർണസഹായം അഭ്യർഥിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങൾ കോൺഗ്രസ് ശക്തമാക്കിയതായി നേതൃക്യാമ്പിൽ പങ്കെടുത്ത നേതാക്കളും പറഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി ഉടൻ കേരളത്തിൽ എത്തും. ജനുവരി അവസാനം ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിനുള്ള ശ്രമമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പതിവിലും വിപരീതമായി ഇത്തവണ നേരത്തെ സ്ഥാനാർഥികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.