തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള പരസ്യപ്പോരിന് വിരാമമിട്ട് സിപിഐ. പരാമർശങ്ങളിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് പാർട്ടി തീരുമാനം. തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തലുണ്ടായി.
തന്റെ വർഗീയ പരാമർശങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ബിനോയ് വിശ്വം മൂന്ന് മാസം മുൻപ് തന്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രധാന ആരോപണം.
വെള്ളാപ്പള്ളിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴ സമ്മേളന സമയത്ത് കാണാൻ പോയിട്ടുണ്ടെന്നും, വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നിട്ടുണ്ടെന്നുമാണ് ബിനോയ് വിശ്വത്തിൻ്റെ വെളിപ്പെടുത്തൽ.
എന്നാൽ പണം വാങ്ങിയതിന് കണക്കുണ്ടെന്നും വഴിവിട്ട സഹായം ചെയ്യില്ല എന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വാങ്ങിയത് വാങ്ങി എന്ന് തന്നെ പറയും. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ല. സിപിഐ നേതാക്കൾ ആരും ഒറ്റയ്ക്ക് പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
അതേ സമയം വിമർശനത്തിൽ മിതത്വം പാലിക്കാനും സിപിഐ സെക്രട്ടേറിയറ്റിൽ തീരുമാനം എടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയം ഇനി ഇഴകീറി പരിശോധിക്കേണ്ടതില്ല. തിരിച്ചടിയുടെ കാരണങ്ങൾ നിരത്തി കൂടുതൽ വിവാദങ്ങൾ വരുത്തേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാനും സിപിഐ സെക്രട്ടേറിയറ്റിൽ തീരുമാനമായി.