ആലപ്പുഴ: സിപിഐഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള ജി. സുധാകരന്റെ തീരുമാനം ദുഃഖിപ്പിക്കുന്നതെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. സുധാകരന്റെ രോഗം എന്താണെന്നു പാർട്ടിക്ക് നേരത്തെ മനസിലായിരുന്നു. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണെന്നും നാസർ പറഞ്ഞു. സുധാകരനെ അവഹേളിച്ചവരെ താക്കീത് ചെയ്തിട്ടുണ്ട്. വർഗവഞ്ചകൻ എന്ന അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നിലപാട് പരിശോധിക്കുമെന്നും നാസർ അറിയിച്ചു.
അവഗണന ഉണ്ടായി എന്ന് പറഞ്ഞിരുന്നെങ്കിൽ പരിശോധിക്കുമായിരുന്നു. സുധാകരനെ ഒഴിവാക്കാൻ പാർട്ടി ശ്രമിച്ചിട്ടില്ല. കുറേ നാളുകളായി സുധാകരൻ അമ്പലപ്പുഴയിൽ സ്വാതന്ത്രനായി മത്സരിക്കുവാൻ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും നാസർ പറഞ്ഞു. സുധാകരൻ പറഞ്ഞ ആളെയാണ് കഴിഞ്ഞ തവണ മത്സരിപ്പിച്ചത്. എച്ച്. സലാമിന് രണ്ട് തവണ ആയിട്ടില്ല. ഇനിയും സമയമുണ്ട്. സുധാകരൻ തീരുമാനത്തിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ആർ. നാസർ പറഞ്ഞു.
അതേസമയം, സുധാകരനെ പ്രതിരോധിക്കാൻ ശക്തമായ ആസൂത്രണത്തിലാണ് സിപിഐഎം. ഇന്ന് വൈകിട്ട് ആലപ്പുഴ ജില്ലയിലെ എല്ലാ ലോക്കൽ, ഏരിയ കമ്മിറ്റികൾ ചേരും. നാളെ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പാർട്ടി ജനറൽ ബോഡി നടക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ ജനറൽ ബോഡികളിൽ പങ്കെടുക്കും. ജി. സുധാകരനുമായി ബന്ധപ്പെട്ട പാർട്ടി നിലപാടുകൾ വിശദീകരിക്കും. പാർട്ടിയുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്.
ആരുടെയും പിന്തുണ തേടില്ല. ഒരു മുന്നണിയിലും ചേരില്ല. പുറത്ത് നിന്ന് ആരെങ്കിലും പിന്തുണച്ചാൽ സ്വീകരിക്കുന്നത് തീരുമാനിക്കുമെന്നും പാർട്ടി ആദർശങ്ങൾ ഉപേക്ഷിക്കില്ല എന്നുമാണ് സുധാകരൻ പറഞ്ഞത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട കമ്യൂണിസ്റ്റ് സംഘടനാ പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന നേതാവാണ് ജി. സുധാകരൻ. 1970ൽ എസ്എഫ്ഐ രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1967ൽ പഠനകാലത്ത് തന്നെ സിപിഐഎം അംഗത്വമെടുത്തു.
ദീർഘകാലം സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായും കുട്ടനാട്, അമ്പലപ്പുഴ താലൂക്ക് കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 43 വർഷത്തിലേറെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1996, 2006, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ സഹകരണം, ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത സുധാകരൻ ഒന്നാം പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതലയും വഹിച്ചു. 2022ലാണ് പ്രായപരിധി മാനദണ്ഡത്തിൽ സുധാകരനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.