തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ. പരാമർശത്തിൽ ജമാഅത്തെ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അത് കൊടുക്കാൻ മനസില്ലെന്നും മാപ്പ് പറയില്ലെന്നും ബാലൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരായ പരാമർശത്തിൽ ജീവിതാവസാനം വരെ മാപ്പ് പറയില്ലെന്നും ബാലൻ വ്യക്തമാക്കി. വക്കീൽ നോട്ടീസ് പറയുന്നത് വസ്തുത വിരുദ്ധമാണ്. ന്യൂനപക്ഷ വിരുദ്ധ മനസിൻ്റെ ഉടമയാണ് ഞാൻ എന്ന് വരുത്തി തീർക്കാൻ ആണ് പരപ്രേരണയിൽ നടത്തിയ ശ്രമമാണിത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് പാർട്ടിയെ അവഹേളിക്കാനും പൊതുമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇതിലൂടെ നടക്കുന്നത്.
കഴിഞ്ഞ 60 വർഷമായി പൊതു പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. തൊഴിലാളി വർഗത്തോട് കൂറും വിശ്വസ്ഥതയുo നിലനിർത്തികൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് ആയാണ് ഞാൻ ജീവിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാട് എടുത്തുവെന്നും ബാലൻ പറഞ്ഞു.
തനിക്ക് വക്കീൽ നോട്ടീസ് അയച്ച സംഘടനയുടെ നയം എന്താണെന്ന് വ്യക്തമാക്കണമെന്ന് ബാലൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഭരണഘടനയെയും മതനിരപേക്ഷതയും അംഗീകരിക്കുന്നുണ്ടോ എന്നും ചോദ്യമുന്നിച്ചു. ആർഎസ്എസ് പിന്തുണയോടെയാണ് എൻഡിഎ സംസാരിക്കുന്നത്. ജമാഅത് ഇസ്ലാമിയെ പിന്തുണയോടെ യുഡിഎഫ് മത്സരിക്കുന്നത്. ആ രണ്ട് വിഭാഗത്തേയും എതിർത്തു തോൽപിച്ചു ഇടത് പക്ഷം അധികാരത്തിൽ വരണമെന്ന് ബാലൻ ചൂണ്ടിക്കാട്ടി.
"ഏത് കക്ഷിയും അധികാരത്തിൽ വരുന്നത് വർഗീയ കക്ഷി യുടെ സഹായത്തിൽ ആണെങ്കിൽ ആ കക്ഷി ഭരണത്തെ സ്വാധീനിക്കും. ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കും. അത് മത സൗഹാർദ്ദത്തെ ബാധിക്കും.മാറാടുകൾ ആവർത്തിക്കാൻ ഇത് കാരണം ആകും.ഇതാണ് താൻ പറഞ്ഞത് അനുഭവത്തിൽ നിന്നാണ് ആ കാര്യങ്ങൾ പറഞ്ഞത്. ചരിത്രം ഓർമപ്പെടുത്തത് ആവർത്തിക്കാതിരിക്കാനാണ്", എ.കെ. ബാലൻ വ്യക്തമാക്കി.
എൻ്റെ കൈയിൽ നിന്ന് പത്ത് പൈസ കിട്ടുമെന്ന് ജമാഅത്തെ ഇസ്ലാമി കരുതേണ്ട, പൈസ കിട്ടണമെങ്കിൽ അതിനുള്ള വഴി പറഞ്ഞു തരാമെന്നും ബാലൻ പറഞ്ഞു. വിഷയത്തിൽ ജീവതാവസാനം വരെ മാപ്പ് പറയില്ല. അതേസമയം പാർട്ടി പറഞ്ഞാൽ ആ നിമിഷം തിരുത്തുമെന്നും ബാലൻ പറഞ്ഞു.