ഛത്തീസ്ഗഡ്: ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് ആത്മാർഥമായി ഇടപെട്ടത് ബിജെപി മാത്രമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ജാമ്യാപേക്ഷയിൽ വീഴ്ച വരുത്തിയത് ആരെന്ന് വ്യക്തമാക്കണം. നടപടിക്രമം പൂർത്തിയാക്കാതെ നൽകിയാൽ ജാമ്യാപേക്ഷ തള്ളുമെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത് ബിജെപി സർക്കാരല്ല റെയിൽവേ പൊലീസ് ആണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
"സംസ്ഥാന പ്രസിഡൻ്റ് വിഷയം പരിഹരിക്കാൻ വേണ്ടി ആത്മാർത്ഥ ശ്രമം നടത്തുകയാണ്. ബിജെപിയുടെ ഭാഗത്തു നിന്ന് മാത്രമാണ് ആത്മാർഥമായ ശ്രമം ഉണ്ടാകുന്നത്. നടപടിക്രമം പൂർത്തിയാക്കാതെ ജാമ്യാപേക്ഷ കൊടുത്താൽ അത് തള്ളിക്കളയും. കോൺഗ്രസുകാർ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ ഛത്തീസ്ഗഡിലെ ഒരു എംപിയേയും കാണുന്നില്ല. രാജ്യസഭയിൽ കോൺഗ്രസുകാർ ബഹളം വെച്ചപ്പോൾ അതിൽ ഛത്തീസ്ഗഡിൽ നിന്നുള്ള എംപിമാർ ആരും ഉണ്ടായിരുന്നില്ല", ജോർജ് കുര്യൻ പറഞ്ഞു.
മതപരിവർത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഞാനൊരു മന്ത്രിയാണെന്നും കോടതിയിലെ വിഷയമാണ് എന്നുമായിരുന്നു ജോർജ് കുര്യൻ്റെ മറുപടി. മതപരിവർത്തനം ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് അദ്ദേഹത്തിന് ഉത്തമ ബോധ്യം ഉള്ളതു കൊണ്ട് ആയിരിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ ബിജെപി അല്ല. വിഷയങ്ങൾ സഭകളെ ബോധ്യപ്പെടുത്തും. കേരളത്തിൽ മുഖ്യധാരാ സഭകൾ മതപരിവർത്തനം നടത്തുന്നില്ല. ഇക്കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.