

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസും അയ്യപ്പസംഗമവും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി ആയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെ ആദ്യം മുതലേ മാറ്റിനിർത്തിയിരുന്നു. എന്നാൽ ആരോപണം വന്ന ഉടനെ നടപടി എടുത്തില്ല എന്ന പ്രചാരണം തെരഞ്ഞെടുപ്പിൽ ബാധിച്ചു.
സംസ്ഥാന കമ്മിറ്റിക്ക് തോൽവി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ ഏറ്റുപറഞ്ഞു. ഇത് സ്വയം വിമർശനമായി ഉൾക്കൊള്ളുന്നു. വലതുപക്ഷ സ്വാധീനം കേരളത്തിൻ്റെ ചിന്താമണ്ഡലത്തിലെ വ്യാപിച്ചു. ചില പരമ്പരാഗത തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സർവകലാശാലകളെ പൂർണമായും കാവിവൽക്കരിക്കുകയാണ്. അതിന് കൂട്ടുനിൽക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് യുഡിഎഫ്- ബിജെപി ഡീലാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. എസ്ഐആർ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽ നിന്ന് മാറ്റാൻ കാരണമായി.
ഈ തെരഞ്ഞെടുപ്പിൽ മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവിന് ലീഗ് ശ്രമിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് കേരളത്തിൽ ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ജനങ്ങളെ കബളിപ്പിക്കാൻ വലിയ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നൽകി. അതിൻ്റെ കൊള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരുകയാണെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വലിയ രീതിയിലുള്ള പണം കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പിൽ ഒഴുക്കി. ചില ഇടങ്ങളിൽ ലോൺ അടയ്ക്കുന്ന നില വരെ സ്വീകരിച്ചു. ഇടതു സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സംഘടനയ്ക്ക് പോരായ്മ ഉണ്ടായിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മാധ്യമങ്ങളുടെ കള്ള പ്രചാരവേലയെ പ്രതിരോധിക്കാനും പാർട്ടിക്ക് സാധിച്ചില്ല.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമർശനമായി ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ്റെ പരാമർശങ്ങൾ പാർട്ടി തള്ളിക്കളഞ്ഞതാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ ശക്തമായ നിലപാട് പാർട്ടി സ്വീകരിച്ചിരുന്നു.
അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാരാണെന്ന പ്രചാരണം ജനങ്ങളിൽ ആശയ കുഴപ്പമുണ്ടാക്കി. യോഗി ആദിത്യനാഥിൻ്റെ സന്ദേശം വായിച്ചത് തെറ്റാണ്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്തു. അതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതുപോലെ തന്നെ വീഴ്ച തിരുത്താൻ ജനങ്ങളെ കേൾക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. വാട്സാപ്പിലൂടെയും മെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാം. മാധ്യമ പ്രവർത്തകരുടെയും അഭിപ്രായം കേൾക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.