
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരായ ആരോണങ്ങളില്‍ പ്രിന്‍സിപ്പലും സൂപ്രണ്ടും വിശദീകരിക്കുന്ന വാർത്താസമ്മേളനത്തിനിടെ ഇവരെ ഫോണില്‍ വിളിച്ചതെന്ന് താന്‍ തന്നെയെന്ന് സമ്മതിച്ച് ഡിഎംഇ ഡോ. വിശ്വനാഥൻ. അവർ ഒരുപാട് ചോദ്യങ്ങൾ നേരിട്ടുവെന്നും അവർക്ക് സമ്മർദം ഉണ്ടായിരുന്നുവെന്നും ഡിഎംഇ പറഞ്ഞു.
ഡോ. ഹാരിസ് ചിറയ്ക്കലിന് എതിരായ വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗം വായിക്കാനാണ് വിശ്വനാഥന്‍ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടത്. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിഎംഇയുടെ പ്രതികരണം. ഹാരിസിനെ കുരുക്കാനല്ല വാർത്താസമ്മേളനം നടത്തിയതെന്ന് ഡോ. വിശ്വനാഥൻ വ്യക്തമാക്കി.
മോർസിലോസ്കോപ്പിന്റെ ഒരു ഭാഗം കാണാനില്ലെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. ഇത് പരിശോധിക്കാനാണ് തന്നെ നിയോഗിച്ചത്. ഡിഎംഇ എന്ന നിലയ്ക്ക് എന്റെ അഭിപ്രായമാണ് റിപ്പോർട്ടിൽ എഴുതിയത്. മോർസിലോസ്കോപ്പ് നഷ്ടമായതല്ല അത് ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത് സ്വാഭാവിക പ്രക്രിയയാണെന്നും ഡോ. വിശ്വനാഥന്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഡിഎംഇ കൂട്ടിച്ചേർത്തു.
അതേസമയം, ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് വകുപ്പുതല അന്വേഷണ സമിതിയുടെ തീരുമാനം. ഹാരിസിന് എതിരെ നടപടി ഉണ്ടാകില്ലെന്ന് അധ്യാപക സംഘടനയായ കെജിഎംസിടിഎയ്ക്കും ആരോഗ്യവകുപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.